പ്രജ്വാൾ രേവണ്ണയുടെ സെല്ലിൽ നിന്ന് കണ്ടെത്തിയ ഫോണിലും പെൻഡ്രൈവിലും സിനിമകളും അശ്ലീല വീഡിയോകളും; ഞെട്ടിക്കുന്ന വിവിരങ്ങളുമായി എഫ്.എസ്.എൽ റിപ്പോർട്ട്

ബെംഗളൂരു: ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന മുൻ എം.പി പ്രജ്വാൾ രേവണ്ണ പരപ്പന അഗ്രഹാര ജയിൽ സെല്ലിൽ നിയമവിരുദ്ധമായി മൊബൈൽ ഫോണും പെൻഡ്രൈവും ഉപയോഗിച്ച സംഭവത്തിൽ നിർണ്ണായക വിവരം പുറത്ത്. പ്രജ്വാൾ ഉപയോഗിച്ച ഫോണിൽ നിന്ന് 173 ഫയലുകളും പെൻഡ്രൈവിൽ നിന്ന് നൂറിലധികം വീഡിയോകളും കണ്ടെത്തിയതായി ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്.എസ്.എൽ) റിപ്പോർട്ട് വ്യക്തമാക്കുന്നു. കന്നഡ, ഹിന്ദി, ഇംഗ്ലീഷ് സിനിമകളും വെബ് സീരീസുകളും അശ്ലീല ദൃശ്യങ്ങളുമാണ് ഇവയിലുണ്ടായിരുന്നത്. സെല്ലിൽ സ്ഥാപിച്ചിട്ടുള്ള ടിവിയിലാണ് പെൻഡ്രൈവിലെ വീഡിയോകൾ പ്രജ്വാൾ കണ്ടിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. പെൻഡ്രൈവിലെ അശ്ലീല ദൃശ്യങ്ങൾ തുടരന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) കൈമാറും.

ഫോൺ ജയിലിലെത്തിച്ചത് വാർഡർ; സഹായം ഡി.ജെ ഹള്ളി കേസ് പ്രതിയുടേത്

പ്രജ്വാൾ രേവണ്ണയ്ക്ക് ജയിലിനുള്ളിൽ മൊബൈൽ ഫോൺ എത്തിച്ചുനൽകിയതിന് പിന്നിൽ ജയിൽ വാർഡർക്ക് നേരിട്ട് പങ്കുണ്ടെന്നാണ് സി.സി.ബി കണ്ടെത്തൽ. ഡി.ജെ ഹള്ളി കലാപ കേസ് പ്രതിയായ തൗസിഫ് വഴിയാണ് വാർഡറുടെ കൈകളിൽ ഫോൺ എത്തിയത്. തുടർന്ന് വാർഡർ ഇത് സുരക്ഷാ പരിശോധനകൾ വെട്ടിച്ച് രേവണ്ണയുടെ സെല്ലിലെത്തിക്കുകയായിരുന്നു. സംഭവത്തിൽ പരപ്പന അഗ്രഹാര പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

മൊബൈലിൽ നിന്ന് വാട്‌സ്ആപ്പ് വീഡിയോ കോളുകൾ; സംസാരിച്ചവർക്ക് നോട്ടീസ് അയക്കാൻ നീക്കം

ജയിലിൽ കഴിയവേ ഈ ഫോൺ ഉപയോഗിച്ച് പ്രജ്വാൾ നിരവധി ആളുകളെ ബന്ധപ്പെട്ടതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കേസിന്റെ വിവരങ്ങൾ അന്വേഷിക്കുന്നതിനായി അച്ഛൻ എച്ച്.ഡി. രേവണ്ണ, അമ്മ ഗൗരമ്മ, അഭിഭാഷകർ എന്നിവരെ ഇയാൾ പതിവായി വിളിച്ചിരുന്നു. ഇതിനു പുറമേ, നേരത്തെ കേസിൽ ഉൾപ്പെട്ട ചില സ്ത്രീകൾക്ക് ഇയാൾ വാട്‌സ്ആപ്പ് വഴിയും അല്ലാതെയും വീഡിയോ കോളുകൾ ഉൾപ്പെടെ ചെയ്തതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. പ്രജ്വാളുമായി ഫോണിൽ സംസാരിച്ച വ്യക്തികളുടെ പട്ടിക പോലീസ് ശേഖരിച്ചുവരികയാണ്. ഇവരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യലിനായി നോട്ടീസ് അയച്ച് വിളിപ്പിക്കുമെന്നാണ് സൂചന.

ഡിജിറ്റൽ തെളിവുകൾ വിശകലനം ചെയ്തുകൊണ്ട് പരപ്പന അഗ്രഹാര പോലീസ് കേസിൽ അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്. ജയിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി നടന്ന ഈ വലിയ സുരക്ഷാവീഴ്ചയിൽ കൂടുതൽ ജയിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ച് വരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts