ബെംഗളൂരു: നമ്മ മെട്രോ ഇനി ‘ടോക്സിക്’ മയം. കന്നഡ സൂപ്പർതാരം യാഷ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ റിലീസിന് ഒരുങ്ങവേ, നഗരത്തിലെ മെട്രോ ട്രെയിനുകൾ ഒന്നടങ്കം സിനിമയുടെ കൂറ്റൻ പോസ്റ്ററുകളാലും ബ്രാൻഡിംഗുകളാലും അലങ്കരിച്ചിരിക്കുകയാണ്. യാത്രക്കാർക്ക് വേറിട്ടൊരു കാഴ്ചാനുഭവമാണ് ഈ പ്രചാരണം സമ്മാനിക്കുന്നത്.
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ പ്രമോഷൻ്റെ ഭാഗമായി ഓഗസ്റ്റ് 8-ന് ബെംഗളൂരുവിൽ വച്ച് നടന്ന ട്രെയിലർ ലോഞ്ച് വലിയ ശ്രദ്ധ നേടിയിരുന്നു. പ്രധാന താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്ത ചടങ്ങ് സിനിമാപ്രേമികൾക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചത്.
ഇന്ത്യയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായ ‘ടോക്സിക്’ കന്നഡയിലും ഇംഗ്ലീഷിലുമായാണ് ഒരേസമയം ചിത്രീകരിച്ചത്. കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റിയും ഇംഗ്ലീഷ് പതിപ്പ് അന്താരാഷ്ട്ര തലത്തിലും റിലീസ് ചെയ്യും. സാധാരണ തിയറ്ററുകൾക്ക് പുറമെ ഐമാക്സ് (IMAX) ഫോർമാറ്റിലും ചിത്രം ലഭ്യമാകും.
സിനിമയ്ക്ക് ബെംഗളൂരുവുമായും കർണാടകയുമായുമുള്ള അടുത്ത ബന്ധം മുന്നിൽ കണ്ടാണ് പ്രമോഷനായി നമ്മ മെട്രോയെ തന്നെ അണിയറപ്രവർത്തകർ പ്രധാന മാധ്യമമാക്കിയത്. വിവിധ റൂട്ടുകളിൽ ഓടുന്ന ട്രെയിനുകൾ പൂർണമായും സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളും കഥാപാത്രങ്ങളുടെ പോസ്റ്ററുകളും കൊണ്ട് പൊതിഞ്ഞിരിക്കുകയാണ്. മെട്രോ ട്രെയിനുകളുടെ ദൃശ്യങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
മെട്രോ പ്രചാരണത്തിന് പുറമെ കൂറ്റൻ ഹോർഡിംഗുകളും ഡിജിറ്റൽ സ്ക്രീനുകളും ഓൺലൈൻ പ്രമോഷനുകളും വഴി വലിയ രീതിയിലുള്ള പ്രചാരണമാണ് മാർക്കറ്റിംഗ് ടീം നടത്തുന്നത്. 1940-കൾക്കും 1970-കൾക്കും ഇടയിലുള്ള ഗോവ പശ്ചാത്തലമാക്കി കുറ്റകൃത്യങ്ങളും അധികാര പോരാട്ടങ്ങളും പ്രമേഹമാക്കുന്ന ഒരു അധോലോക കഥയാണ് ചിത്രം പറയുന്നത്. യാഷിന്റെ സാന്നിധ്യവും വൻ താരനിരയും കൊണ്ട് ഒരു ആഗോള ഗ്യാങ്‌സ്റ്റർ ഡ്രാമയായിട്ടാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. റിലീസ് അടുത്തിരിക്കെ, മെട്രോയിലെ ഈ വൻ പ്രചാരണം ബെംഗളൂരുവിലെ യാത്രക്കാർക്കിടയിലും സിനിമാപ്രേമികൾക്കിടയിലും പ്രതീക്ഷകൾ ഇരട്ടിയാക്കിയിട്ടുണ്ട്.
