ബെംഗളൂരു: ഈദ് മിലാദ് ഘോഷയാത്രകളുടെ പശ്ചാത്തലത്തിൽ ബുധനാഴ്ച ബെംഗളൂരു നഗരത്തിലെ പ്രധാന റോഡുകളിൽ സമഗ്ര ഗതാഗത നിയന്ത്രണവും വഴിതിരിച്ചുവിടലും ഏർപ്പെടുത്തി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഘോഷയാത്രകൾ നൃപതുംഗ റോഡിലെ വൈ.എം.സി.എ ഗ്രൗണ്ടിൽ സംഗമിക്കുന്നതിനാലാണ് ക്രമീകരണം. ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 11 മണി വരെയാണ് അലങ്കരിച്ച വാഹനങ്ങളുടെയും റാലികളുടെയും സഞ്ചാരം പ്രതീക്ഷിക്കുന്നത്.
ജെ.സി റോഡ്, കെ.ജി റോഡ്, രാജാ റാം മോഹൻ റോയ് റോഡ്, കസ്തൂർബ റോഡ്, മല്യ ഹോസ്പിറ്റൽ റോഡ്, ആർ.ടി നഗർ മെയിൻ റോഡ്, ദിന്നൂർ മെയിൻ റോഡ്, ജയമഹൽ റോഡ്, നാഗവാര മെയിൻ റോഡ്, ടാന്നറി മെയിൻ റോഡ്, ഹെയ്ൻസ് റോഡ്-മില്ലേഴ്സ് റോഡ് തുടങ്ങി നിരവധി പ്രധാന പാതകളിൽ വലിയ രീതിയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
മൈസൂരു റോഡിൽ നിന്ന് മജസ്റ്റിക്കിലേക്ക് പോകുന്ന വാഹനങ്ങൾ നായന്ദഹള്ളി, നാഗരഭാവി, ചന്ദ്ര ലേഔട്ട്, ആർ.പി.സി ലേഔട്ട്, വിജയനഗർ, ടോൾ ഗേറ്റ്, പ്രസന്ന തിയേറ്റർ ജംഗ്ഷൻ, ഹുണസെമര ജംഗ്ഷൻ, ലുലു മോൾ, ഓക്കാലിപുരം, ഖോഡേയ്സ് സർക്കിൾ വഴി തിരിച്ചുവിടും. കെ.ആർ മാർക്കറ്റിലേക്ക് പോകുന്ന വാഹനങ്ങൾ സിർസി സർക്കിൾ, ചാമരാജ്പേട്ട് വഴി അനുയോജ്യമായ അനുബന്ധ റോഡുകളിലൂടെ കടന്നുപോകണം.
ഘോഷയാത്ര പുരോഗമിക്കുന്നതിനനുസരിച്ച് മാർക്കറ്റ് സർക്കിൾ, ടൗൺ ഹാൾ, കെ.ആർ റോഡ്, എസ്.ജെ.പി റോഡ് എന്നിവിടങ്ങളിലും തടസ്സങ്ങൾ ഉണ്ടാകും. ആർ.ടി നഗർ, സുൽത്താൻപാളയ, കാവൽ ബൈരസന്ദ്ര എന്നീ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ മേഖ്രി സർക്കിൾ, സി.ബി.ഐ അണ്ടർപാസ്, സി.ബി.ഐ റോഡ്, ആർ.ടി നഗർ മെയിൻ റോഡ് വഴി പോകേണ്ടതുണ്ട്.
നഗരത്തിന്റെ വടക്കൻ, മധ്യ മേഖലകളിൽ നാഗവാരയിൽ നിന്ന് ശിവജിനഗറിലേക്ക് പോകുന്ന ഗതാഗതം ഹെന്നൂർ ജംഗ്ഷൻ റോഡ്, കച്ചരകനഹള്ളി, ലിംഗരാജപുരം ഫ്ലൈഓവർ, ഹെയ്ൻസ് റോഡ് എന്നിവ വഴി തിരിച്ചുവിടും. ശിവജിനഗർ, ടാന്നറി റോഡ്, നേതാജി റോഡ്, പുലകേശിനഗർ എന്നിവിടങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾക്കും ബദൽ മാർഗങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 11 മണി വരെ ബെംഗളൂരുവിലേക്കുള്ള ചില പ്രവേശന പാതകളിൽ ചരക്ക് വാഹനങ്ങൾക്ക് പൂർണ്ണ നിരോധനമുണ്ട്. കൂടാതെ നൃപതുംഗ റോഡ്, കെ.ജി റോഡ്, എൻ.ആർ റോഡ്, കസ്തൂർബ റോഡ്, രാജാ റാം മോഹൻ റോയ് റോഡ്, എം.ജി റോഡ്, ക്വീൻസ് റോഡ്, കബ്ബൺ പാർക്കിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.
യാത്രക്കാർ മുൻകൂട്ടി യാത്രകൾ പ്ലാൻ ചെയ്യണമെന്നും വഴിതിരിച്ചുവിടൽ സൂചനകൾ പാലിക്കണമെന്നും ഡ്യൂട്ടിയിലുള്ള ട്രാഫിക് പോലീസുകാരുമായി സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]