പിറന്നാൾ കേക്കിൽ ചത്ത പല്ലി: കുട്ടികളടക്കം 11 പേർ ആശുപത്രിയിൽ; ഭക്ഷ്യസുരക്ഷയിൽ ആശങ്ക ശക്തം

പിറന്നാൾ ആഘോഷത്തിനിടെ കഴിച്ച കേക്കിൽ ചത്ത പല്ലിയെ കണ്ടെത്തിയതിനെ തുടർന്ന് കുട്ടികളടക്കം 11 പേരെ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ നൽസോപാരയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കേക്ക് കഴിച്ച് നിമിഷങ്ങൾക്കകം ഏഴ് കുട്ടികൾക്കും നാല് സ്ത്രീകൾക്കും കടുത്ത വയറുവേദനയും നെഞ്ചുവേദനയും അസ്വസ്ഥതകളും അനുഭവപ്പെടുകയായിരുന്നു.

ഉടൻ തന്നെ എല്ലാവരെയും സമീപത്തെ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കി. നിലവിൽ ആരുടെയും നില ഗുരുതരമല്ലെന്നും എല്ലാവരും അപകടനില തരണം ചെയ്തതായും മെഡിക്കൽ അധികൃതർ അറിയിച്ചു. കേക്കിനുള്ളിൽ ചത്ത പല്ലി കിടന്നതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

സംഭവം പ്രാദേശിക ബേക്കറി ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും വലിയ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്. അടുത്തകാലത്തായി മഹാരാഷ്ട്രയിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്ന നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. താനെയിലെ കല്യാണിൽ പ്രവർത്തിക്കുന്ന ‘ബ്ലിങ്കിറ്റ്’ ഔട്ട്‌ലെറ്റിലെ ഐസ്‌ക്രീം ഫ്രീസറിനുള്ളിൽ എലി ഓടുന്നതിന്റെ ദൃശ്യങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു.

തുടർന്ന് ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മുംബൈ മലാഡ് വെസ്റ്റിലെ ബ്ലിങ്കിറ്റ് യൂണിറ്റിന്റെ ലൈസൻസ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) താൽക്കാലികമായി റദ്ദാക്കുകയും ചെയ്തു. ഓൺലൈൻ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും പ്രാദേശിക ബേക്കറികളിലും ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് കർശനമായ പരിശോധനകളും നടപടികളും ഉണ്ടാകണമെന്ന ആവശ്യത്തിലാണ് പൊതുജനങ്ങൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts