ബെംഗളുരു: 9 വര്‍ഷമായി നഗരവാസികള്‍ കാത്തിരിക്കുന്ന ഈജിപുര മേല്‍പാല നിര്‍മാണം അന്തിമ ഘട്ടത്തിലായി. പാല ത്തില്‍ ഗര്‍ഡറുകള്‍ ഉറപ്പിക്കാന്‍ വേണ്ടിയുള്ള 762 കോണ്‍ക്രീറ്റ് സ്ട്രക്ചറുകളില്‍ 728 എണ്ണം ഘടിപ്പിച്ചു കഴിഞ്ഞു. 4 മാസം കൊണ്ടു നിര്‍മാണം പൂര്‍ത്തിയാക്കി ഒക്ടോബറോടെ മേല്‍പാലം തുറക്കാനാകുമെന്നാണു ജിബിഎ പ്രതീക്ഷിക്കുന്നത്. കോറമംഗല കേന്ദ്രീയ സദന് മുതല്‍ ഈജിപുര ശ്രീനിവാഗിലു ജംക്ഷന് വരെ 2.38 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മേല്‍പാലമാണു പൂര്‍ത്തിയായി വരുന്നത്.
കോറമംഗല 100 ഫീറ്റ് റോഡില്‍ ഗതാഗതക്കുരുക്കിനു പേര്കേട്ട സോണി സിഗ്നല്‍ ഉള്‍പ്പെടെ ഒട്ടേറെ സിഗ്നലുകള്‍ ഇല്ലാതെ കുതിക്കാനാകുമെന്നതാണു മേല്‍പാലം വരുന്നതു കൊണ്ടുള്ള നേട്ടം. നിലവില്‍ മേല്‍പാലം ആരംഭിക്കുന്ന കേന്ദ്രീയ സദന് ഭാഗത്തു നിന്നു ഡൊളൂര് ഭാഗത്തേക്കു പോകാന്‍ തിരക്കേറിയ സമയങ്ങളില്‍ സിഗ്നലുകളില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതു പതിവാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനൊപ്പം മഡിവാള, കോറമംഗല, ജക്കസന്ദ്ര എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്കും കുറയ്ക്കാനാകും.
കടമ്പകള്‍ മറികടന്ന് ലക്ഷ്യത്തിലേക്ക്
2017ല്‍ സിദ്ധരാമയ്യ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ഈജിപുര മേല്‍പാലത്തിന്റെ നിര്‍മാണം 2019 നവംബറില്‍ പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. സിംപ്ലക്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന കമ്പനിക്കു നിര്‍മാണ കരാര്‍ കൈമാറിയെങ്കിലും 4 വര്‍ഷം കൊണ്ട് 40% നിര്‍മാണം മാത്രമേ പൂര്‍ത്തിയാക്കിയിരുന്നുള്ളൂ.
സാമ്പത്തിക പ്രതിസന്ധി കാരണം നിര്‍മാണത്തിനാവശ്യമായ ക്രയിനുകളും മറ്റു യന്ത്രങ്ങളും കുറവായിരുന്നു ഉപയോഗിച്ചിരുന്നത്. ഉപകരാറുകാര്‍ക്കു വേതന കുടിശിക കൂടി ആയതോടെ നിര്‍മാണം നിലച്ചു. തുടര്‍ന്ന് 2022 മാര്‍ച്ചില്‍ ഹൈക്കോടതിയുടെ ഉത്തരവു പ്രകാരം കരാര്‍ റദ്ദാക്കി. 2023 നവംബറില്‍ ബാക്കിയുള്ള നിര്‍മാണം ബിഎസ് സിപിഎല്‍ ഇന്‍ഫ്രാസ്ട്രക്ചറിനു കൈമാറുകയായിരുന്നു. പിന്നീട് ഒട്ടേറെ തവണ സമയ പരിധി നീട്ടേണ്ടി വന്നു. ജൂണില്‍ തുറക്കുമെന്നാരുന്നു കഴിഞ്ഞ ഫെബ്രുവരിയില്‍ അറിയിച്ചിരുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]