ബെംഗളൂരു: സമീപ മാസങ്ങളിൽ ഉയർന്ന നിരന്തര പരാതികളുടെയും രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകളുടെയും പശ്ചാത്തലത്തിൽ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ പോലീസിന്റെ മിന്നൽ പരിശോധന. ഇലക്ട്രോണിക്സ് സിറ്റി ഡിവിഷൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എം. നാരായണന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച പുലർച്ചെയോടെ ആരംഭിച്ച റെയ്ഡ് മണിക്കൂറുകളോളം നീണ്ടുനിന്നു.
വിചാരണത്തടവുകാരുടെയും ശിക്ഷാ തടവുകാരുടെയും ബാരക്കുകളിൽ അടക്കം 150-ഓളം പോലീസ് ഉദ്യോഗസ്ഥരെ അണിനിരത്തി സമഗ്രമായ പരിശോധനയാണ് പോലീസ് സംഘം നടത്തിയത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ജയിലിനുള്ളിൽ നിന്ന് നിരോധിത വസ്തുക്കളും ലഹരിമരുന്നുകളും കണ്ടെടുത്ത സംഭവങ്ങളിൽ ജയിൽ അധികൃതർ തന്നെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു പോലീസിന്റെ അടിയന്തര ഇടപെടൽ.
പരിശോധനയോട് ജയിൽ അധികൃതർ പൂർണ്ണമായി സഹകരിച്ചതായി ഇലക്ട്രോണിക്സ് സിറ്റി പോലീസ് അറിയിച്ചു. അതേസമയം, മണിക്കൂറുകൾ നീണ്ട ഈ മിന്നൽ റെയ്ഡിൽ തടവുകാരുടെ പക്കൽ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളോ നിരോധിത വസ്തുക്കളോ ഒന്നുമകം കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
