ബെംഗളൂരു: ബൈക്കിൽ കോളേജിലേക്ക് പോവുകയായിരുന്ന 19-കാരിയായ വിദ്യാർത്ഥിനിക്കുനേരെ പൊതുറോഡിൽ ലൈംഗികാതിക്രമവും പിന്തുടർന്ന് ശല്യപ്പെടുത്തലും (സ്റ്റോക്കിങ്). ഒക്ടോബർ 23-ന് രാവിലെ എട്ടരയ്ക്കും എട്ടേമുക്കാലിനും ഇടയിൽ സൗത്ത് ബെംഗളൂരുവിലെ ബനശങ്കരി തേർഡ് സ്റ്റേജിൽ ഹൊസക്കെരെഹള്ളിക്ക് സമീപമാണ് സംഭവം. ജയനഗർ സ്വദേശിനിയായ വിദ്യാർത്ഥിനി കൂട്ടുകാരിയോടൊപ്പം ഇരുചക്രവാഹനത്തിൽ കോളേജിലേക്ക് പോകുമ്പോഴായിരുന്നു അജ്ഞാതന്റെ അതിക്രമം.
ബേക്കറിക്ക് സമീപമെത്തിയപ്പോൾ മറ്റൊരു മോട്ടോർ സൈക്കിളിൽ അരികിലെത്തിയയാൾ പരസ്യമായി ലൈംഗികാവയവം പ്രദർശിപ്പിക്കുകയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയുമായിരുന്നു. തുടർന്ന് വിദ്യാർത്ഥിനികൾ സഞ്ചരിച്ച വാഹനത്തെ പിന്തുടർന്നയാൾ രണ്ട് കിലോമീറ്ററോളം ദൂരം നിരന്തരം ഹോൺ മുഴക്കിയും അശ്ലീല ആംഗ്യങ്ങൾ കാട്ടിയും ഭയപ്പെടുത്തി. വിദ്യാർത്ഥിനികൾ ബഹളം വെക്കാൻ ശ്രമിച്ചതോടെ ഇയാൾ കടന്നുകളയുകയായിരുന്നു.
സംഭവത്തിന് തൊട്ടടുത്ത ദിവസം പെൺകുട്ടി ഗിരിനഗർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പെൺകുട്ടിയുടെ പരാതിയിൽ ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 78 (സ്റ്റോക്കിങ്), സെക്ഷൻ 79 (സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള വാക്ക്, ആംഗ്യം അല്ലെങ്കിൽ പ്രവർത്തി) എന്നീ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു. പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
