ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ രണ്ടു മണിക്കൂർ മാത്രം; ഹരിത പടക്കങ്ങൾക്ക് മാത്രം അനുമതി നൽകി സർക്കാർ ;നിർദേശങ്ങൾ ഇങ്ങനെ

ബെംഗളൂരു: ദീപാവലി ആഘോഷവേളയിൽ നഗരത്തിലെ വായു, ശബ്ദ മലിനീകരണം നിയന്ത്രിക്കുന്നതിനായി കർണാടക സർക്കാർ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചു. സുപ്രീം കോടതി നിർദ്ദേശപ്രകാരം, നവംബർ 8 മുതൽ 10 വരെയുള്ള മൂന്ന് ദിവസങ്ങളിൽ രാത്രി 8 മണി മുതൽ 10 മണി വരെയുള്ള രണ്ടു മണിക്കൂർ സമയത്ത് മാത്രമേ പടക്കം പൊട്ടിക്കാൻ അനുവാദമുള്ളൂ. വനം പരിസ്ഥിതി വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. നിശ്ചിത സമയപരിധി ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്കും പോലീസ് മേധാവിമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഹരിത പടക്കങ്ങൾ നിർബന്ധം; ക്യൂ.ആർ കോഡ് വേണം

സംസ്ഥാനത്ത് പരിസ്ഥിതി സൗഹൃദമായ ‘ഹരിത പടക്കങ്ങൾ’ (Green Crackers) മാത്രമേ വിൽക്കാനും ഉപയോഗിക്കാനും അനുവാദമുള്ളൂവെന്ന് സർക്കാർ വ്യക്തമാക്കി. അംഗീകൃത പടക്കപ്പൊതികളിൽ ക്യൂ.ആർ (QR) കോഡ് നിർബന്ധമായിരിക്കണം. ക്യൂ.ആർ കോഡില്ലാത്ത വ്യാജ പടക്കങ്ങൾ വിൽക്കുകയോ കടത്തുകയോ ചെയ്താൽ ഉൽപ്പന്നങ്ങൾ കണ്ടുകെട്ടുന്നതിനൊപ്പം കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യും.

ആശുപത്രികൾക്കും സ്കൂളുകൾക്കും സമീപം നിരോധനം

ആശുപത്രികൾ, സ്കൂളുകൾ, പ്രധാന ആരാധനാലയങ്ങൾ എന്നിവയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ പടക്ക നിരോധന മേഖലകളായി തിരിച്ചിട്ടുണ്ട്. പരിസ്ഥിതി സൗഹൃദപരമായി ദീപാവലി ആഘോഷിക്കണമെന്ന് അഭ്യർത്ഥിച്ച സർക്കാർ, പടക്കങ്ങളുടെ ഉപയോഗം പരമാവധി കുറച്ച് ദീപങ്ങൾ തെളിയിച്ച് ആഘോഷങ്ങളിൽ പങ്കാളികളാകാനും കുട്ടികളുടെയും മുതിർന്നവരുടെരുടെയും മിണ്ടാപ്രാണികളുടെയും ആരോഗ്യം സംരക്ഷിക്കാൻ സഹകരിക്കണമെന്നും പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts