ദസ്റ അവധി റദ്ദാക്കിയ കോളേജ് മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ വിദ്യാർത്ഥികളുടെയും എ.ബി.വി.പി പ്രവർത്തകരുടെയും നേതൃത്വത്തിൽ ബെംഗളൂരുവിൽ ശക്തമായ പ്രതിഷേധം. പ്രെസിഡൻസി പി.യു കോളേജിന്റെ ഹെബ്ബാൽ, യെലഹങ്ക കാമ്പസുകളിലാണ് ചൊവ്വാഴ്ച വിദ്യാർത്ഥികൾ സമരം സംഘടിച്ചത്.
ഒക്ടോബർ 10 മുതൽ 21 വരെ ദസ്റ അവധി പ്രഖ്യാപിച്ച ശേഷം കോളേജ് അധികൃതർ പെട്ടെന്ന് ഈ തീരുമാനം പിൻവലിക്കുകയായിരുന്നു. സംസ്ഥാന പ്രീ-യൂണിവേഴ്സിറ്റി ബോർഡിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമായാണ് കോളേജിന്റെ ഈ നടപടിയെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. ദസ്റ സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു ഉത്സവമാണെന്നും അവധി റദ്ദാക്കാനുള്ള കാരണമെന്താണെന്ന് കോളേജ് ഇതുവരെ വ്യക്തമാക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.
തിങ്കളാഴ്ചയും കോളേജിന് മുന്നിൽ വിദ്യാർത്ഥികൾ പ്രതിഷേധം നടത്തിയിരുന്നു. തുടർന്ന് ചൊവ്വാഴ്ച മുതൽ അവധി നൽകുമെന്നും സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ നടപിയെടുക്കില്ലെന്നും അധികൃതർ ഉറപ്പുനൽകിയിരുന്നു. എന്നാൽ ഇതിന് വിരുദ്ധമായി മാനേജ്‌മെന്റ് വിദ്യാർത്ഥികളുടെ മാതാപിതാക്കളെ വിളിച്ച് ബന്ധപ്പെടുകയും സമരത്തിൽ പങ്കെടുത്താൽ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി വിദ്യാർത്ഥികൾ വ്യക്തമാക്കി.
ഔദ്യോഗിക അക്കാദമിക് കലണ്ടർ പ്രകാരം അവധി നൽകാൻ കോളേജുകൾ ബാധ്യസ്ഥരാണെന്ന് എ.ബി.വി.പി അംഗം മണികന്ത കൽസ ചൂണ്ടിക്കാട്ടി. ഹൈന്ദവ ഉത്സവങ്ങൾക്ക് മാത്രം എന്തുകൊണ്ടാണ് വിദ്യാർത്ഥികൾക്ക് അവധി നിഷേധിക്കുന്നതെന്നും, എത്രയും പെട്ടെന്ന് അവധി പ്രഖ്യാപിച്ചില്ലെങ്കിൽ ബുധനാഴ്ചയും ശക്തമായ പ്രതിഷേധം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണം തേടിയെങ്കിലും പ്രെസിഡൻസി കോളേജ് പ്രതിനിധികൾ ലഭ്യമായില്ല.
