ബെംഗളൂരു: കർണാടക സർക്കാരിന്റെ പ്രമുഖ ക്ഷേമപദ്ധതിയായ ശക്തി യോജനയിലെ ക്രമക്കേടുകളും ദുരുപയോഗവും തടയുന്നതിനായി സംസ്ഥാന സർക്കാർ നിർണ്ണായക നടപടികളിലേക്ക് കടക്കുന്നു. പദ്ധതി ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാൻ സംസ്ഥാനത്തെ ഒരു കോടിയോളം വനിതാ യാത്രക്കാർക്കായി ‘ശക്തി സ്മാർട്ട് കാർഡുകൾ’ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. ഇതിനായി 250 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ടെൻഡറുകൾ സർക്കാർ ക്ഷണിച്ചു കഴിഞ്ഞു. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി അടക്കമുള്ള ഗതാഗത കോർപ്പറേഷനുകളുടെ ബസുകളിൽ സൗജന്യമായി യാത്ര ചെയ്യുന്നത് തടയുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
ആദ്യം ബി.എം.ടി.സിയിൽ, പിന്നീട് മറ്റ് കോർപ്പറേഷനുകളിലേക്ക് പരീക്ഷണാടിസ്ഥാനത്തിൽ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി) പരിധിയിലാണ് സ്മാർട്ട് കാർഡ് വിതരണം ആദ്യം ആരംഭിക്കുന്നത്. ഇതിനായി 11,000 ഇ.ടി.എം (ETM) മെഷീനുകൾ ബി.എം.ടി.സി പാട്ടത്തിനെടുത്തിട്ടുണ്ട്. ബി.എം.ടി.സിക്ക് ശേഷം മറ്റ് ഗതാഗത കോർപ്പറേഷനുകളിലെ യാത്രക്കാർക്കും സ്മാർട്ട് കാർഡുകൾ ലഭ്യമാക്കും. എൻ.എഫ്.സി (NFC) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ സ്മാർട്ട് കാർഡുകൾ സ്ത്രീകൾക്കും ഭിന്നലിംഗക്കാർക്കും സൗജന്യമായാണ് വിതരണം ചെയ്യുന്നത്. ഭാവിയിൽ നമ്മ മെട്രോ സർവീസുകളിലും ഉപയോഗിക്കാൻ തക്ക രീതിയിലാണ് ഈ കാർഡുകൾ രൂപകൽപ്പന ചെയ്യുന്നത്.
അപേക്ഷിക്കേണ്ട വിധവും ആവശ്യമായ രേഖകളും വോട്ടർ ഐഡി, വിലാസം തെളിയിക്കുന്ന രേഖകൾ എന്നിവ സമർപ്പിച്ച് വരും ദിവസങ്ങളിൽ യോഗ്യരായ ഗുണഭോക്താക്കൾക്ക് സ്മാർട്ട് കാർഡിനായി അപേക്ഷിക്കാം. ബാംഗ്ലൂർ വൺ, കർണാടക വൺ, ബാപ്പുജി സേവാ കേന്ദ്രങ്ങൾ വഴിയും സൈബർ സെന്ററുകൾ വഴിയും ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ പരിശോധിച്ച ശേഷം സംസ്ഥാനത്തെ പ്രധാന ബസ് സ്റ്റേഷനുകൾ വഴി കാർഡുകൾ വിതരണം ചെയ്യും.
കൈമാറ്റം ചെയ്യാൻ സാധിക്കാത്ത സുരക്ഷിത കാർഡുകൾ ഗുണഭോക്താവിന്റെ പേര്, ഫോട്ടോ, മറ്റ് തിരിച്ചറിയൽ വിവരങ്ങൾ എന്നിവ അടങ്ങിയ ഈ സ്മാർട്ട് കാർഡുകൾ മറ്റൊരാൾക്ക് കൈമാറ്റം ചെയ്യാനോ ദുരുപയോഗം ചെയ്യാനോ സാധിക്കില്ല. ബസ് യാത്രവേളയിൽ ഈ സ്മാർട്ട് കാർഡ് കാണിക്കുന്നതിലൂടെ വനിതകൾക്ക് സൗജന്യ യാത്ര ആസ്വദിക്കാം. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ മറ്റ് സംസ്ഥാനക്കാരുടെ വ്യാജ യാത്രകൾ തടയാനും പൊതുഗതാഗത കോർപ്പറേഷനുകളുടെ കോടിക്കണക്കിന് രൂപയുടെ നഷ്ടം ഒഴിവാക്കാനും സാധിക്കുമെന്നാണ് വനം-ഗതാഗത വകുപ്പുകളുടെ പ്രതീക്ഷ.
