പാത്രത്തിലെ എണ്ണ മാറ്റാൻ സമയമായി; അടുക്കളകളിൽ സർക്കാരിന്റെ സർപ്രൈസ് പരിശോധന വരുന്നു, ലംഘിച്ചാൽ എട്ടിന്റെ പണി! വിശദാംശങ്ങൾ

ബെംഗളൂരു: ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, വീടുകൾ എന്നിവിടങ്ങളിൽ പാചക എണ്ണ ആവർത്തിച്ച് ചൂടാക്കി ഉപയോഗിക്കുന്ന അപകടകരമായ രീതി തടയുന്നതിന് ശക്തമായ നടപടികളുമായി സംസ്ഥാന ആരോഗ്യ വകുപ്പ്. പാചക എണ്ണയുടെ സുരക്ഷിതമായ പുനരുപയോഗവും സംസ്‌കരണവും ഉറപ്പാക്കുന്നതിനായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ നടപ്പിലാക്കും. കാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്ക് കാരണമാകുന്ന എണ്ണ വീണ്ടും ഉപയോഗിക്കുന്നതും ഡ്രെയിനേജുകളിൽ ഒഴുകിക്കളയുന്നതും തടഞ്ഞ്, ശേഖരിക്കുന്ന എണ്ണ പൂർണ്ണമായും ‘ബയോഡീസൽ’ ആക്കി മാറ്റാനാണ് സർക്കാരിന്റെ തീരുമാനം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി വാർഡ് തലത്തിൽ വീടുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും ഉപയോഗിച്ച എണ്ണ ശേഖരിച്ച് ബയോഡീസൽ/ബയോഗ്യാസ് നിർമ്മാണ ഏജൻസികൾക്ക് കൈമാറുന്ന പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. ഇതിന്റെ ഭാഗമായി 2024-26 കാലയളവിൽ 32.68 ലക്ഷം ലിറ്റർ എണ്ണ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ഹോട്ടലുകളും ഭക്ഷ്യസംസ്‌കരണ യൂണിറ്റുകളും ഉപയോഗിച്ച എണ്ണയുടെ കൃത്യമായ രേഖകൾ സൂക്ഷിക്കുകയും അംഗീകൃത ശേഖരണ ഏജൻസികൾക്ക് നൽകുകയും വേണം. ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പുകൾ ചേർന്ന് ഇവരുടെ എണ്ണ പുനരുപയോഗം കൃത്യമായി നിരീക്ഷിക്കും.

മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഒരു എണ്ണ പരമാവധി മൂന്ന് തവണയിൽ കൂടുതൽ ചൂടാക്കാൻ പാടില്ല. ആവർത്തിച്ച് ചൂടാക്കുമ്പോൾ ഉണ്ടാകുന്ന ടോട്ടൽ പോളാർ കോമ്പൗണ്ട്സ് (ടി.പി.സി) 25 ശതമാനത്തിൽ കൂടിയാൽ അത് മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ല. ഇത്തരം എണ്ണ ഉപയോഗിക്കുന്നത് ഹൃദ്രോഗം, കൊളസ്ട്രോൾ, കാൻസർ തുടങ്ങിയവയ്ക്ക് വഴിവെക്കും. എണ്ണയിൽ നിന്ന് പുകയോ നുരയോ വരികയോ, കറുപ്പ് നിറമാവുകയോ ചെയ്താൽ ഉപയോഗം ഉടൻ നിർത്തണം. ഉപയോഗിച്ച എണ്ണ ഒന്നോ രണ്ടോ ദിവസത്തിൽ കൂടുതൽ സൂക്ഷിക്കരുതെന്നും, സിങ്കുകളിലോ ഡ്രെയിനേജുകളിലോ ഒഴിച്ച് പരിസ്ഥിതി നാശം വരുത്തരുതെന്നും ആരോഗ്യ വകുപ്പ് കർശനമായി മുന്നറിയിപ്പ് നൽകുന്നു. ജനങ്ങളുടെ ആരോഗ്യ സംരക്ഷണം മുൻനിർത്തിയാണ് സർക്കാർ ഈ നിർണ്ണായക നടപടിയിലേക്ക് കടക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts