ഒരടി തെറ്റിയാല്‍ ജീവന്‍ പോകും, അല്ലെങ്കില്‍ കാല്‍! നാടിനെ ഭീതിയിലാഴ്ത്തുന്ന ആ ‘മരണപ്പാത’ വൈറ്റ്‌‌ഫീല്‍ഡില്‍

ബെംഗളൂരു: വൈറ്റ്‌‌ഫീല്‍ഡിലെ തുബരഹള്ളി എക്സ്റ്റന്‍ഷന്‍ റോഡ് യാത്രക്കാര്‍ക്ക് കടുത്ത ഭീഷണിയാകുന്നു. റോഡില്‍ രൂപപ്പെട്ട വലിയ കുഴികളും കെട്ടിക്കിടക്കുന്ന വെള്ളവും പുറത്തേക്ക് തള്ളിനില്‍ക്കുന്ന ഇരുമ്പുകമ്പികളും അപകടസാധ്യത വര്‍ധിപ്പിക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.

തുടര്‍ച്ചയായ മഴയും കൃത്യമായ ഓടയോ ഡ്രെയിനേജ് സംവിധാനമോ ഇല്ലാത്തതുമാണ് റോഡിന്റെ തകര്‍ച്ചയ്ക്ക് കാരണം. വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കുഴികളുടെ ആഴം മനസ്സിലാക്കാന്‍‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനമോടിക്കുന്നവര്‍ക്കും സാധിക്കുന്നില്ല. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും കുഴിയില്‍ വീഴുന്നത് പതിവാണ്. കുട്ടികളും മുതിര്‍ന്നവരും റോഡിലെ കുഴികളില്‍ വീണ് അപകടത്തില്‍പ്പെടുന്നുണ്ട്. അടുത്തിടെയുണ്ടായ അപകടത്തില്‍ ഒരാളുടെ കാല്‍ നഷ്ടപ്പെട്ടതായും നാട്ടുകാര്‍ പറയുന്നു.

ആയിരത്തിലധികം കുടുംബങ്ങളാണ് തുബരഹള്ളിയില്‍നിന്ന് വര്‍ത്തൂര്‍ റോഡിലേക്ക് ബന്ധിപ്പിക്കുന്ന രണ്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പ്രധാന പാതയെ ആശ്രയിക്കുന്നത്. റോഡിലെ വെള്ളക്കെട്ട് കാരണം കാല്‍നടയാത്രക്കാര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്ക് മുകളിലൂടെയും റോഡിന്റെ അരികുകളിലൂടെയും അപകടകരമായ രീതിയിലാണ് സഞ്ചരിക്കുന്നത്.

പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡ് മെമ്പര്‍, പ്രാദേശിക എം.എല്‍.എ, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടും നടപടിയൊന്നുമുണ്ടായില്ലെന്ന് പ്രദേശവാസിയായ അരുണ്‍ കെ.വി വ്യക്തമാക്കി. ജീവന്‍ പൊലിയുന്നതിന് മുന്‍പ് റോഡും ഡ്രെയിനേജ് സംവിധാനവും പുനരുദ്ധരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

അതേസമയം, തുബരഹള്ളിയിലെ ഭൂരിഭാഗം റോഡുകളും ടാറിങ് നടത്തിയിട്ടുണ്ടെന്നും ജനങ്ങള്‍ താല്കാലികമായി ഉപയോഗിക്കുന്ന ഈ ഭാഗം രാജകുവെ കനാലിന്റെ (മഴവെള്ള ഓട) ഭാഗമാണോ എന്ന് പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കുമെന്നും ബെംഗളൂരു ഈസ്റ്റ് സിറ്റി കോര്‍പ്പറേഷന്‍ സീനിയര്‍ എഞ്ചിനീയര്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts