വീടുകളിൽ കെട്ടിക്കിടക്കുന്ന മാലിന്യം, പടർന്നുപിടിക്കുന്ന രോഗങ്ങൾ; ബെംഗളൂരു ജയ് ഭീം നഗറിൽ സംഭവിക്കുന്നത്

ബെംഗളൂരു: ചാമരാജ്പേട്ട് നിയമസഭാ മണ്ഡലത്തിലെ ചെലുവാദിപാളയ വാർഡിൽപ്പെട്ട ജയ് ഭീം നഗറിൽ മാലിന്യം കുന്നുകൂടുന്നത് നിവാസികളെ കടുത്ത ആരോഗ്യഭീതിയിലാക്കുന്നു. വാർഡ് തലത്തിൽ മാലിന്യശേഖരണം അവതാളത്തിലായതോടെ പ്രദേശം കടുത്ത ശുചിത്വ ഭീഷണിയാണ് നേരിടുന്നത്.

മാലിന്യ ശേഖരണത്തിനായുള്ള ഓട്ടോ ടിപ്പറുകൾ ആഴ്ചയിലൊരിക്കൽ മാത്രമാണ് ഇവിടെ എത്തുന്നതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. ദിവസങ്ങളോളം മാലിന്യം കെട്ടിക്കിടക്കുന്നത് കൊതുകുകളുടെയും മറ്റ് രോഗാണുക്കളുടെയും ഈറ്റില്ലമായി പ്രദേശം മാറാൻ കാരണമായിട്ടുണ്ടെന്ന് സ്ലം മഹിളാ സംഘടന ഭാരവാഹികൾ വ്യക്തമാക്കി. ഇതേതുടർന്ന് കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ള നിരവധിയാളുകൾക്ക് ഡെങ്കിപ്പനിയും ടൈഫോയ്ഡും പിടിപെട്ടിട്ടുണ്ട്.

പരാതികൾ പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും മാലിന്യം നീക്കം ചെയ്യാനോ ശാശ്വത പരിഹാരം കാണാനോ യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് പ്രാദേശികവാസിയായ ജാൻസി പറഞ്ഞു. മൂവായിരത്തോളം വീടുകളുള്ള ചേരി പ്രദേശത്ത് ഒരു ദിവസം മാലിന്യം നീക്കം ചെയ്യാതിരുന്നാൽ തന്നെ വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. ഇവിടെ ആഴ്ചകളോളം ഓട്ടോ ടിപ്പറുകൾ വരാത്തതിനാൽ ആളുകൾ ഒരിടത്ത് തന്നെ മാലിന്യം നിക്ഷേപിക്കാൻ നിർബന്ധിതരാകുകയാണെന്നും അത് കൃത്യമായി നീക്കം ചെയ്യാറില്ലെന്നും അവർ കൂട്ടിച്ചേർത്തു.

വാർഡിൽ വീടുതോറുമുള്ള മാലിന്യ ശേഖരണത്തിനായി 14 ഓട്ടോ ടിപ്പറുകൾ ഉണ്ടാകേണ്ടതാണെങ്കിലും നിലവിൽ നാലോ അഞ്ചോ എണ്ണം മാത്രമാണ് സർവീസ് നടത്തുന്നത്. വിഷയത്തിൽ ഇടപെടാൻ മാർഷലുകൾക്കും സാധിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരണം തേടാൻ ശ്രമിച്ചെങ്കിലും ജി.ബി.എ (GBA) എൻജിനീയർ ലഭ്യമായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts