ബെംഗളൂരു: കനകപുര റോഡിൽ ബൈപ്പാസ് നിർമാണം വൈകുന്നതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ കഗ്ഗലിപുരയിൽ വീണ്ടും ദാരുണ റോഡപകടം. കഗ്ഗലിപുര പട്ടറെഡ്ഡിപാളയത്തിന് സമീപം തിങ്കളാഴ്ച രാവിലെ അമിതവേഗതയിലെത്തിയ ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഭർത്താവിനൊപ്പം യാത്ര ചെയ്തിരുന്ന 57 കാരി തൽക്ഷണം മരിച്ചു.
രാവിലെ 11 മണിയോടെ ദമ്പതികളായ നാഗരത്നയും ഭർത്താവും സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടമെന്ന് കഗ്ഗലിപുര പോലീസ് അറിയിച്ചു. വേഗത്തിലെത്തിയ ടിപ്പർ സ്കൂട്ടറിൽ ഇടിക്കുകയും സ്കൂട്ടറിന്റെ പിന്നിലിരുന്ന നാഗരത്നയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. അപകടത്തിൽ ഭർത്താവ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ച നാഗരത്നയുടെ മൃതദേഹം തുടർന്നുള്ള നടപടികൾക്കായി മാറ്റി. അപകടത്തിന് കാരണമായ ടിപ്പർ ലോറിയുടെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അശ്രദ്ധമായി വാഹനമോടിച്ച് മരണത്തിന് കാരണമായതിന് ഇയാൾക്കെതിരെ കേസെടുത്തു.
അപകടത്തിന് പിന്നാലെ പ്രദേശവാസികളും കർഷക സംഘടനകളും സംഭവസ്ഥലത്ത് തടിച്ചുകൂടി പ്രതിഷേധിച്ചു. ഏറെ നാളായി ഉന്നയിക്കുന്ന കഗ്ഗലിപുര ബൈപ്പാസ് നിർമാണം വൈകുന്നതാണ് ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കഗ്ഗലിപുര പാതയിൽ ടിപ്പറുകളും മറ്റ് ചരക്ക് ലോറികളും അമിതവേഗതയിലാണ് സഞ്ചരിക്കുന്നതെന്നും ഇത് കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹന യാത്രികർക്കും വലിയ ഭീഷണിയാണെന്നും രാജ്യ റൈത ഹിതരക്ഷണ സംഘ പ്രസിഡന്റ് നദീം പാഷ പറഞ്ഞു. ബൈപ്പാസ് നിർമാണം അടിയന്തരമായി പൂർത്തിയാക്കി നിരപരാധികളുടെ ജീവൻ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധിച്ചായിരുന്നു സമരം. ഞായറാഴ്ചയും പാതയിലെ അപകട ഭീഷണിക്കെതിരെ പ്രതീകാത്മക പ്രതിഷേധ പദയാത്ര സംഘടിപ്പിച്ചിരുന്നു.
