ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: റെയിൽവേ ബോർഡിന്റെ അന്തിമ അനുമതി; സർവീസ് എന്ന് ആരംഭിക്കും? അറിയാൻ വായിക്കൂ

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈനിലെ ഉയർത്തിയ (എലവേറ്റഡ്) പാതയിൽ സർവീസ് നടത്തുന്നതിനായി നിർമ്മിച്ച പുതിയ ബി.ഇ.എം.എൽ (BEML) ട്രെയിനുകൾക്ക് റെയിൽവേ ബോർഡിന്റെ അംഗീകാരം ലഭിച്ചു. കാളേന അഗ്രഹാര മുതൽ താവരക്കര വരെയുള്ള 7.5 കിലോമീറ്റർ നീളമുള്ള പാതയിൽ യാത്രാസേവനം ആരംഭിക്കുന്നതിനുള്ള സുപ്രധാന നാഴികക്കല്ലാണിത്. മെട്രോ റെയിൽവേ സേഫ്റ്റി കമ്മീഷണറുടെ (CMRS) അന്തിമ പരിശോധനയ്ക്കായി സമർപ്പിക്കുന്ന രേഖകളിൽ ഈ അനുമതി പത്രവും ഉൾപ്പെടുത്തുമെന്ന് ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) വാർത്താക്കുറിപ്പിൽ അറിയിച്ചു.

സി.എം.ആർ.എസിന്റെ പരിശോധനയ്ക്കും ഔദ്യോഗിക അനുമതിക്കും ശേഷമേ പാത പൊതുജനങ്ങൾക്കായി തുറന്നു നൽകുകയുള്ളൂ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ പാത സെപ്റ്റംബറോടെ തുറക്കാനാകുമെന്നാണ് കരുതിയിരുന്നത്. സെപ്റ്റംബർ രണ്ടിന് ഗ്രേറ്റർ ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈറെ ഗൗഡ പാത സന്ദർശിക്കുകയും സിവിൽ ജോലികൾ പൂർത്തിയായതായി വിലയിരുത്തുകയും ചെയ്തിരുന്നു. കേന്ദ്ര സർക്കാരിന്റെ അനുമതികൾ ലഭിക്കുന്ന മുറയ്ക്ക് സർവീസ് ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കാളേന അഗ്രഹാര മുതൽ നാഗവാര വരെയുള്ള 21.3 കിലോമീറ്റർ ദൈർഘ്യമുള്ള പിങ്ക് ലൈനിൽ 7.5 കിലോമീറ്റർ ഉയർന്ന പാതയും 13.8 കിലോമീറ്റർ ഭൂഗർഭ പാതയുമാണുള്ളത്. താവരക്കര മുതൽ നാഗവാര വരെയുള്ള ഭൂഗർഭ പാതയുടെ നിർമ്മാണം 2027 മാർച്ച് മാസത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡയറി സർക്കിൾ, എം.ജി. റോഡ്, ശിവാജിനഗർ, താനറി റോഡ് എന്നീ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന ഭൂഗർഭ പാത പൂർത്തിയാകുന്നതോടെ ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts