ബെംഗളൂരു : ഹനൂർ വനമേഖലയിൽ വനംവകുപ്പിന്റെ വെടിവെപ്പിൽ മൂന്ന് വേട്ടക്കാർ കൊല്ലപ്പെട്ട സംഭവത്തിന് ശേഷവും കാടുകളിൽ വേട്ടയാടൽ തുടരുന്നതായി റിപ്പോർട്ട്. ചാമരാജനഗർ ജില്ലയിൽ നാൽപ്പതിലധികം വേട്ടക്കാർ ഇപ്പോഴും സജീവമാണെന്ന വിവര പുറത്തുവന്നതോടെ വന്യജീവി വേട്ടയും അനധികൃത മരംമുറിക്കലും തടയാൻ വനംവകുപ്പ് വൻ പദ്ധതി തയ്യാറാക്കി. ഇതിന്റെ ഭാഗമായി വനമേഖലകളിൽ പ്രത്യേക പരിശീലനം ലഭിച്ച ‘ബെൽജിയൻ സ്നിഫർ നായ്ക്കളുടെ’ നിരയെ വിന്യസിക്കാൻ തീരുമാനിച്ചു.
സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വന്യജീവി വേട്ടയും പ്രത്യേകിച്ച് കാട്ടാനകളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങളും തടയാൻ പുതിയ സാങ്കേതികവിദ്യകളും വനംവകുപ്പ് പ്രയോജനപ്പെടുത്തുന്നുണ്ട്. ഇതിന്റെ മുന്നോടിയായി ബന്ദിപ്പൂരിലെ മെലുകാമനഹള്ളി ക്യാമ്പിൽ വനം ജീവനക്കാരുടെ 10 പെൺ ബെൽജിയൻ സ്നിഫർ നായ്ക്കൾക്ക് നിലവിൽ കഠിന പരിശീലനം നൽകിവരികയാണ്.
സംസ്ഥാനത്തെ അഞ്ച് പ്രധാന കടുവാ സംരക്ഷണ കേന്ദ്രങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ഈ പ്രത്യേക സേനയെ വിന്യസിക്കുന്നത്. ബന്ദിപ്പൂർ, ബിലിഗിരി രംഗനാഥസ്വാമി ക്ഷേത്രം (ബിആർടി), ഭദ്ര, കാളി, നാഗർഹോള എന്നീ കടുവാ സങ്കേതങ്ങളിലേക്ക് അഞ്ച് നായ്ക്കളെ വീതം വിതരണം ചെയ്യും.
മൂർച്ചയുള്ള ഘ്രാണശക്തിക്കും അതിവേഗത്തിൽ ഓടാനുള്ള കഴിവിനും പേരുകേട്ട ബെൽജിയൻ സ്നിഫർ ഇനത്തിൽപ്പെട്ട നായ്ക്കൾ ക്രിമിനൽ കേസ അന്വേഷണങ്ങളിൽ മുൻപന്തിയിലാണ്. കാടിനുള്ളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്താൻ ഇവയെത്തുന്നതോടെ വേട്ടക്കാരുടെ സാന്നിധ്യം പൂർണ്ണമായും കടുവാ സങ്കേതങ്ങളിൽ നിന്ന് തുടച്ചുനീക്കാൻ സാധിക്കുമെന്നാണ് വനംവകുപ്പിന്റെ കണക്കുകൂട്ടൽ.
