ബെംഗളൂരു : രാജാജിനഗർ മെട്രോ സ്റ്റേഷനിൽ ട്രാക്കിലേക്ക് ആൾ വീണതിനെ തുടർന്ന് ബുധനാഴ്ച വൈകുന്നേരം പ്രദേശത്ത് നേരിയ പരിഭ്രാന്തി പരന്നു. രാജാജിനഗർ സ്വദേശിയായ നാൽപ്പതുകാരനാണ് വൈകുന്നേരം നാലു മണിയോടെ ട്രാക്കിലേക്ക് വീണത്. ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി ട്രാക്കിലേക്ക് വീഴുകയായിരുന്നുവെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി.
എന്നാൽ ഇയാൾ ട്രാക്കിലേക്ക് ചാടാൻ ശ്രമിച്ചതാണെന്നാണ് ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) അധികൃതരുടെ നിഗമനം. സംഭവം നടക്കുമ്പോൾ പ്ലാറ്റ്ഫോമിലേക്ക് ട്രെയിനുകൾ വരികയോ പ്ലാറ്റ്ഫോമിൽ നിന്ന് പുറപ്പെടുകയോ ചെയ്യാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. മെട്രോ സർവീസുകളെയും ഇത് ബാധിച്ചില്ലെന്ന് അധികൃതർ വ്യക്തമാക്കി.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സെക്യൂരിറ്റി ജീവനക്കാർ എമർജൻസി ട്രിപ്പ് സിസ്റ്റം (ETS) പ്രവർത്തിപ്പിച്ച് ട്രാക്കിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. തുടർന്ന് ട്രാക്കിൽ നിന്നും രക്ഷപ്പെടുത്തിയ ഇയാളെ സ്റ്റേഷൻ കൺട്രോളർക്ക് കൈമാറുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
സുബ്രഹ്മണ്യ നഗർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ഇയാളെ ചോദ്യം ചെയ്ത ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. സംഭവത്തിൽ BMRCL പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
