ന്യൂഡൽഹി: ചെങ്ങന്നൂർ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലായി നടന്ന 10 ഉപതെരഞ്ഞെടുപ്പകളിൽ ബിജെപിക്കും സഖ്യകക്ഷികൾക്കും ശക്തമായ തിരിച്ചടി. ഉത്തർപ്രദേശിലെ സിറ്റിംഗ് സീറ്റായ നൂർപൂറിൽ ബിജെപി പരാജയപ്പെട്ടു. നൂർപൂർ നിയമസഭാ മണ്ഡലത്തിൽ സമാജ്വാദി പാർട്ടി നേതാവ് നിയിം ഉൾ ഹസൻ ബിജെപി സ്ഥാനാർഥി അവാനി സിംഗിനെ പരാജയപ്പെടുത്തി. നിയിം 6211 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.
ബിജെപി എംഎൽഎ ലോകേന്ദ്ര സിംഗ് ചൗഹാൻ അന്തരിച്ചതിനെ തുടർന്നാണ് നൂർപൂറിൽ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ലോകേന്ദ്ര സിംഗ് രണ്ടു തവണ ജയിച്ച മണ്ഡലമാണിത്. ലോകേന്ദ്രയുടെ വിധവ അവാനി സിംഗിനെയാണ് ബിജെപി ഇവിടെ മത്സരിപ്പിച്ചത്.
ബിജെപി വിരുദ്ധ മുന്നണിയുടെ പരീക്ഷണ ശാലയായിരുന്ന യുപിയിലെ കൈരാനയിലും പ്രതിപക്ഷകക്ഷികൾ വിജയിച്ചു. ലോക്സഭാ മണ്ഡലമായ കൈരാനയിൽ ആർഎൽഡി സ്ഥാനാർഥി താബാസും ഹസൻ ജയിച്ചു. ബിജെപിയുടെ മൃഗംഗ സിംഗാണ് പരാജയപ്പെട്ടത്. കോൺഗ്രസ്, സമാജ്വാദി പാർട്ടി, ബിഎസ്പി എന്നീ പാർട്ടികൾ ഒന്നിച്ചാണ് ബിജെപിയെ പരാജയപ്പെടുത്തിയത്. ഗൊരഖ്പുർ, ഫുൽപുർ ലോക്സഭാ തെരഞ്ഞെടുപ്പോടെ ഉണ്ടായ ഐക്യം യുപിയിൽ നിലനിർത്താനായതാണ് പ്രതിപക്ഷകക്ഷികളുടെ വിജയത്തിനു കാരണമായത്.
ബിഹാറിലെ ജോകിഹാത്തിൽ ബിജെപി സഖ്യകക്ഷിയായ ജെഡിയു സ്ഥാനാർഥിയെ വീഴ്ത്തി ആർജെഡി സ്ഥാനാർഥി ജയിച്ചു. നിതീഷ് കുമാർ ബിജെപിയിലേക്കുപോയതിൽ പ്രതിഷേധിച്ച് ജെഡിയു എംഎൽഎ രാജിവച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വോട്ടർ ഐഡി വിവാദത്തെ തുടർന്ന് വോട്ടെടുപ്പു നീട്ടിവച്ച കർണാടകയിലെ രാജരാജേശ്വരി നഗറിലും ബിജെപിയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി കോൺഗ്രസ് ജയിച്ചുകയറി. കോൺഗ്രസ് സ്ഥാനാർഥി മുനിരത്ന 41,162 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്.
മേഘാലയയിലും കോൺഗ്രസ് വിജയം കണ്ടു. മുൻ മുഖ്യമന്ത്രി മുകുൾ സാംഗ്മയുടെ മകളായ മിയാനി ഡി ഷിറയാണ് ജയിച്ചത്. അറുപതംഗ നിയമസഭയിൽ 21 സീറ്റുമായി കോൺഗ്രസാണ് ഒറ്റക്കക്ഷിയെങ്കിലും ബിജെപി സഖ്യമാണ് മേഘാലയിൽ ഭരിക്കുന്നത്. പശ്ചിമ ബംഗാളിലെ മഹഷ്തലയിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് ജയിച്ചു. 62,000 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിനാണ് തൃണമൂൽ വിജയിച്ചത്. ഇവിടെ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പഞ്ചാബിലെ ഷക്കോട്ടിലും കോൺഗ്രസ് ജയിച്ചു. കോൺഗ്രസ് സ്ഥാനാർഥി ഹർദേവ് സിംഗ് ലാദിയാണ് വിജയിച്ചത്. അകാലിദൾ എംഎൽഎ അജിത് സിംഗ് കൊഹാർ മരിച്ചതിനെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.