ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും

ന്യൂഡൽഹി: സെപ്റ്റംബർ 28 മുതൽ ആരംഭിക്കുന്ന മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്കിന് മുന്നോടിയായി, അടിയന്തര ബാങ്കിങ് ഇടപാടുകൾ പൂർത്തിയാക്കാൻ ഉപഭോക്താക്കൾക്കായി സെപ്റ്റംബർ 27 ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും. സെപ്റ്റംബർ 26 (നാലാം ശനി), സെപ്റ്റംബർ 27 (ഞായർ) ദിവസങ്ങളിലെ സാധാരണ അവധിയും തുടർന്നുള്ള പണിമുടക്കും കാരണം ബാങ്കിങ് സേവനങ്ങൾ തുടർച്ചയായി അഞ്ച് ദിവസം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന ധനമന്ത്രാലയത്തിന്റെ വിലയിരുത്തലിനെ തുടർന്നാണ് ഈ തീരുമാനം. ഈ സാഹചര്യം ഒഴിവാക്കാൻ ഞായറാഴ്ച എല്ലാ പൊതുമേഖലാ ബാങ്കുകളും (PSB) റീജിയണൽ റൂറൽ ബാങ്കുകളും (RRB) തുറന്നു പ്രവർത്തിക്കാൻ കേന്ദ്ര ധനമന്ത്രാലയം നിർദ്ദേശം നൽകി.

ഞായറാഴ്ച ബാങ്ക് ശാഖകൾ, ഓഫീസുകൾ, എടിഎം അനുബന്ധ ശാഖകൾ, കറൻസി ചെസ്റ്റുകൾ എന്നിവ പ്രവർത്തിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (RBI) അംഗീകാരം നൽകിയിട്ടുണ്ട്. പണിമുടക്കിന് മുമ്പ് തന്നെ അത്യാവശ്യ ഇടപാടുകൾ പൂർത്തിയാക്കാൻ ഉപഭോക്താക്കൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഉപഭോക്താക്കളുടെ സൗകര്യത്തിനും ക്ഷേമത്തിനുമാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും, പണിമുടക്ക് പിൻവലിക്കാൻ യൂനിയനുകളോട് അഭ്യർഥിച്ചിട്ടുണ്ടെന്നും ധനമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.

ബാങ്കിങ് മേഖലയിലെ 90 ശതമാനത്തോളം ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസിന്റെ (യു.എഫ്.ബി.യു) നേതൃത്വത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനങ്ങൾ നിലവിൽ വരുത്തുക, പെൻഷൻ തുക പുതുക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക, എല്ലാ പെൻഷൻകാർക്കും ഏകീകൃത ഡി.എ ഫോർമുല നടപ്പിലാക്കുക, നാഷണൽ പെൻഷൻ സിസ്റ്റത്തിൽ (NPS) ഉൾപ്പെട്ടിട്ടുള്ള ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് (OPS) മാറാനുള്ള ഓപ്ഷൻ നൽകുക തുടങ്ങിയവയാണ് യൂനിയനുകളുടെ പ്രധാന ആവശ്യങ്ങൾ.

അതേസമയം, പണിമുടക്ക് ഒഴിവാക്കുന്നതിനായി ഡെപ്യൂട്ടി ചീഫ് ലേബർ കമീഷണറുടെ നേതൃത്വത്തിൽ യു.എഫ്.ബി.യു പ്രതിനിധികളും ബാങ്ക് മാനേജ്‌മെന്റും തമ്മിൽ ചൊവ്വാഴ്ച നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ആഴ്ചയിൽ അഞ്ച് ബാങ്കിങ് പ്രവൃത്തിദിനം നടപ്പിലാക്കുന്നത് സംബന്ധിച്ച് കൃത്യവും അനുകൂലവുമായ തീരുമാനമുണ്ടായാൽ മാത്രമേ പണിമുടക്ക് പിൻവലിക്കുന്ന കാര്യം ആലോചിക്കൂ എന്ന് യൂനിയൻ നേതാക്കൾ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts