വർഷം 10 ലക്ഷം രൂപ അധികം കിട്ടിയാലും നഗരത്തിൽ ലാഭിക്കാനാവില്ല; ടെക്കി പങ്കുവെച്ച യാഥാർത്ഥ്യം സോഷ്യൽ മീഡിയയിൽ വൈറൽ

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലേക്ക് ഉയർന്ന ശമ്പളം മോഹിച്ച് താമസം മാറാൻ പദ്ധതിയിടുന്നവർക്ക് മുന്നറിയിപ്പുമായി സാങ്കേതിക വിദഗ്ദ്ധന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ആകർഷകമായ പാക്കേജുകൾ ലഭിച്ചാലും ബെംഗളൂരുവിലെ അമിതമായ ജീവിതച്ചെലവ് കാരണം പണം സമ്പാദിച്ചു കൂട്ടാൻ കഴിയില്ലെന്നാണ് സുമിത് എന്ന ടെക് പ്രൊഫഷണൽ ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കുന്നത്. പോസ്റ്റ് വൈറലായതോടെ സിലിക്കൺ സിറ്റിയിലെ ജീവിതച്ചെലവിനെക്കുറിച്ച് വലിയ തോതിലുള്ള ഓൺലൈൻ ചർച്ചകൾക്കാണ് തുടക്കമായിരിക്കുന്നത്.

ഡൽഹി, നോയിഡ തുടങ്ങിയ മറ്റ് പ്രധാന നഗരങ്ങളിൽ നിന്ന് ബെംഗളൂരുവിലേക്ക് ജോലി മാറാൻ ആഗ്രഹിക്കുന്നവർ ശമ്പള വർദ്ധനവിന്റെ കണക്കുകൾക്ക് അപ്പുറത്തുള്ള യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ബെംഗളൂരുവിലെ ഉയർന്ന വീട്ടുവാടക, യാത്രാ ചെലവുകൾ, ഭക്ഷണച്ചെലവ് എന്നിവയാണ് ലഭിക്കുന്ന അധിക വരുമാനത്തെ പെട്ടെന്ന് ഇല്ലാതാക്കുന്നത്. കൂടാതെ, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ഇടയ്ക്കിടെ സ്വന്തം നാട്ടിലേക്ക് പോകേണ്ടി വരുമ്പോൾ അനുഭവപ്പെടുന്ന വൻ വിമാന യാത്രാച്ചെലവും വലിയ സാമ്പത്തിക ബാധ്യതയായി മാറുന്നു.

ഒരു വിമാന യാത്രയ്ക്ക് മാത്രം 20,000 രൂപയോളം ചെലവ് വരുമെന്നും, വാടകയും ഭക്ഷണവും മറ്റ് ദൈനംദിന ആവശ്യങ്ങളും ചേർത്ത് ഒരു വർഷം ചുരുങ്ങിയത് 10 ലക്ഷം രൂപയെങ്കിലും ഇത്തരത്തിൽ ചെലവാകുമെന്നും സുമിത് പറയുന്നു. അതുകൊണ്ട് തന്നെ സ്വന്തം നാട്ടിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന ഒരാൾക്ക് നിലവിലുള്ളതിനേക്കാൾ 10 ലക്ഷം രൂപ കൂടുതൽ ബെംഗളൂരുവിൽ പാക്കേജ് ലഭിച്ചാൽ പോലും ഒരു രൂപ പോലും അധികമായി സമ്പാദിക്കാൻ കഴിയില്ല. ഒരു വർഷത്തിനുള്ളിൽ ആ പണം മുഴുവൻ നഗരത്തിലെ ജീവിതച്ചെലവുകൾക്കായി തന്നെ വിനിയോഗിക്കേണ്ടി വരും.

മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ഉയർന്ന ശമ്പളം ബെംഗളൂരു വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, അത് സാമ്പത്തിക ഭദ്രത നൽകുന്നില്ലെന്ന വാദത്തോട് നിരവധി ഐടി ജീവനക്കാരാണ് അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്. വലിയ ശമ്പള ഓഫറുകൾ കണ്ട് നഗരത്തിലേക്ക് കുടിയേറുന്നവർക്ക് മുന്നിൽ സിലിക്കൺ സിറ്റിയുടെ യഥാർത്ഥ വശം വ്യക്തമാക്കുന്നതാണ് ഈ പുതിയ വെളിപ്പെടുത്തൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts