ബെംഗളൂരു: നഗരപ്രദേശങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഗ്രാമീണ ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും സവിശേഷമായ അനുഭവം പകർന്നുനൽകുന്നതിനായി കർണാടക സംസ്ഥാന സർക്കാർ ‘ഗ്രാമാനുഭാവ്’ എന്ന പുതിയ പരിപാടി നടപ്പിലാക്കാൻ ഉത്തരവിട്ടു. ജില്ല അടിസ്ഥാനത്തിലുള്ള നഗരപരിധിയിൽ പ്രവർത്തിക്കുന്ന സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ 8, 9, 11 ക്ലാസുകളിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
2.46 കോടി രൂപയുടെ പദ്ധതി
സംസ്ഥാനത്തെ പിഎംശ്രീ (PM SHRI), കെപിഎസ് (KPS) സ്കൂളുകൾ, മറ്റ് സർക്കാർ സ്കൂളുകൾ, 800-ലധികം വിദ്യാർത്ഥികളുള്ള പ്രീ-യൂണിവേഴ്സിറ്റി കോളേജുകൾ ഉൾപ്പെടെ തിരഞ്ഞെടുത്ത 160 സ്ഥാപനങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. 2.46 കോടി രൂപ ചെലവഴിച്ചാണ് ഗ്രാമാനുഭാവ പരിപാടി സംഘടിപ്പിക്കുന്നത്.
ഗ്രാമാന്തരീക്ഷത്തിൽ രണ്ടു ദിവസത്തെ താമസം
പദ്ധതിയുടെ ഭാഗമായി നഗരപ്രദേശങ്ങളിലെ വിദ്യാർത്ഥികളെ ഗ്രാമങ്ങളിലേക്ക് കൊണ്ടുപോകുകയും ഒരു രാത്രി ഉൾപ്പെടെ രണ്ടു ദിവസം അവിടെ താമസിപ്പിക്കുകയും ചെയ്യും. കൃഷി, പൂന്തോട്ടപരിപാലനം, മൃഗസംരക്ഷണം, നാടൻ കലകൾ, ഗ്രാമീണ സംസ്കാരം എന്നിവ നേരിട്ട് കണ്ടറിയാനും മനസ്സിലാക്കാനും വിദ്യാർത്ഥികൾക്ക് ഇതിലൂടെ അവസരം ലഭിക്കും.
ഡിസംബറിനുള്ളിൽ സന്ദർശനം പൂർത്തിയാക്കും
എല്ലാ അധ്യയന വർഷത്തിലും സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലാണ് ഗ്രാമസന്ദർശനം നടപ്പിലാക്കുന്നത്. സന്ദർശനത്തിനുശേഷം ജനുവരി അല്ലെങ്കിൽ ഫെബ്രുവരി മാസങ്ങളിൽ ഈ അനുഭവങ്ങളെക്കുറിച്ച് സ്കൂൾ തലത്തിൽ ആശയവിനിമയ പരിപാടികളും അവലോകനങ്ങളും സംഘടിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
