ബെംഗളൂരു: നെറ്റിയിലെ സാധാരണ മുഴ പരിശോധിക്കാനെത്തിയ യുവാവിന് മറ്റ് രോഗിയുടെ പരിശോധനാ റിപ്പോർട്ട് മാറി നൽകി മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ ഡയഗ്നോസ്റ്റിക് ലാബ് 55,000 രൂപ നഷ്ടപരിഹാരം നൽകാൻ ബെംഗളൂരു അർബൻ-II ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. മഹാലക്ഷ്മി ലേഔട്ടിലെ ഹർഷിത ഡയഗ്നോസ്റ്റിക് ലാബും സ്കാനിംഗ് സെന്ററുമാണ് 28-കാരനായ രത്നകുമാർ ജി. കടാലെയ്ക്ക് നഷ്ടപരിഹാരം നൽകേണ്ടത്. 50,000 രൂപ നഷ്ടപരിഹാരമായും 5,000 രൂപ കോടതി ചെലവിലേക്കുമാണ് നൽകേണ്ടത്.
2024 മാർച്ച് 2-നാണ് നെറ്റിയിലെ മുഴ പരിശോധിക്കുന്നതിനായി ഡോക്ടറുടെ നിർദ്ദേശപ്രകാരം രത്നകുമാർ ലാബിനെ സമീപിച്ചത്. മുഴ ലിപ്പോമയോ സെബേഷ്യസ് സിസ്റ്റോ ആകാനാണ് സാധ്യതയെന്ന് ഡോക്ടർ സംശയിച്ചിരുന്നു. എന്നാൽ രണ്ടു ദിവസത്തിനുശേഷം ലാബ് നൽകിയ റിപ്പോർട്ടിൽ യുവാവിന് തൈറോയിഡുമായി ബന്ധപ്പെട്ട “നോഡുലാർ ഗോയിറ്റർ”, “ഹാഷിമോട്ടോ തൈറോയ്ഡൈറ്റിസ്” എന്നീ രോഗങ്ങളാണെന്നാണ് രേഖപ്പെടുത്തിയിരുന്നത്.
റിപ്പോർട്ടിലെ ചില ഭാഗങ്ങൾ കൈപ്പടയിൽ തിരുത്തി എഴുതിയതായി ശ്രദ്ധയിൽപ്പെട്ടതോടെ സംശയം തോന്നിയ യുവാവ് മറ്റ് മെഡിക്കൽ അഭിപ്രായങ്ങൾ തേടുകയായിരുന്നു. മാർച്ച് 11-ന് നടത്തിയ മറ്റൊരു പരിശോധനയിൽ ഈ മുഴ ലിപ്പോമ തന്നെയെന്ന് സ്ഥിരീകരിച്ചു. ഡോക്ടറെ കാണിച്ചപ്പോൾ ഇത് മറ്റൊരു സ്ത്രീയുടെ റിപ്പോർട്ടാണെന്നും നിങ്ങളൊരു സ്ത്രീയാണോയെന്നും ഡോക്ടർ ആശ്ചര്യത്തോടെ ചോദിച്ചതായി യുവാവ് പരാതിയിൽ പറയുന്നു. തെറ്റായ റിപ്പോർട്ട് നൽകിയതിനെ തുടർന്ന് ഉണ്ടായ ഭയവും ആശങ്കയും കാരണം യുവാവിന് തുടർ പരിശോധനകൾ നടത്തേണ്ടി വരികയും ജോലി തടസ്സപ്പെടുകയും ചെയ്തു.
ലാബിന് വക്കീൽ നോട്ടീസ് അയച്ചിട്ടും പരിഹാരമുണ്ടാകാത്തതിനെ തുടർന്ന് 2024 ജൂൺ 26-നാണ് യുവാവ് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. എന്നാൽ, അന്നേദിവസം സമാന പേരുള്ള ഒരു സ്ത്രീ പരിശോധനയ്ക്ക് എത്തിയിരുന്നെന്നും, റിസപ്ഷനിസ്റ്റ് ഫോണിൽ സംസാരിക്കുന്നതിനിടയിൽ കടാല ധൃതിയിൽ ഈ റിപ്പോർട്ട് എടുത്തുകൊണ്ടുപോകുകയായിരുന്നുവെന്നുമാണ് ലാബ് വാദിച്ചത്. പണം തട്ടിയെടുക്കാൻ യുവാവ് റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയതാണെന്നും ഇവർ ആരോപിച്ചു.
എന്നാൽ ലാബ് അധികൃതർ തങ്ങളുടെ തെറ്റ് സമ്മതിച്ച് യുവാവിന് അയച്ച വാട്ട്സ്ആപ്പ് സന്ദേശങ്ങൾ കമ്മീഷൻ പരിശോധിച്ചു. കൂടാതെ, ഡോക്ടറുടെ കുറിപ്പടിയിൽ നെറ്റിയിലെ മുഴ പരിശോധിക്കാൻ മാത്രമാണ് ആവശ്യപ്പെട്ടിരുന്നതെന്നും തൈറോയിഡ് പരിശോധന നടത്തുവാൻ ആവശ്യപ്പെട്ടിരുന്നില്ലെന്നും കമ്മീഷൻ നിരീക്ഷിച്ചു. ലാബിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി വ്യക്തമായതോടെ, പ്രസിഡന്റ് വി. അനൂരാധ, അംഗങ്ങളായ എച്ച്. ജനാർദ്ദനൻ, ശരവതി എസ്.എം എന്നിവരടങ്ങുന്ന കമ്മീഷൻ 45 ദിവസത്തിനകം തുക കൈമാറാൻ ഉത്തരവിടുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]