ഇ.വി ചാർജിങ് ഹബ്ബായി സംസ്ഥാനം: 1,250 പുതിയ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും;

electric car bike

ബെംഗളൂരു: സംസ്ഥാനത്ത് വൈദ്യുത വാഹനങ്ങളുടെ (ഇ.വി) ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ചാർജിങ് അടിസ്ഥാന സൗകര്യങ്ങൾ വൻതോതിൽ വർധിപ്പിക്കുന്നതിനുമായി 1,250 പുതിയ പൊതു ഇ.വി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ കർണാടക സർക്കാർ നടപടികൾ ഊർജ്ജിതമാക്കി. കേന്ദ്ര സർക്കാരിന്റെ ‘പി.എം ഇ-ഡ്രൈവ്’ പദ്ധതിയുടെ ഭാഗമായി വിവിധ സർക്കാർ ഭൂമികളിലും പൊതുസ്ഥലങ്ങളിലുമാണ് ഇവ സജ്ജീകരിക്കുന്നത്.

പദ്ധതിയുമായി ബന്ധപ്പെട്ട് ഊർജ്ജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയുടെ അധ്യക്ഷതയിൽ ബെസ്കോം (BESCOM) ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവരുടെ ഉന്നതതല യോഗം ചേർന്നു. പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങൾ എത്രയും വേഗം കൈമാറാൻ യോഗത്തിൽ നിർദ്ദേശം നൽകി. രണ്ട് പ്രധാന വിഭാഗങ്ങളായാണ് ചാർജിങ് കേന്ദ്രങ്ങൾ തിരിക്കുന്നത്. സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, സ്കൂളുകൾ, കോളേജുകൾ എന്നിവ ഒന്നാമത്തെ വിഭാഗത്തിലും റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, മെട്രോ, ബസ് സ്റ്റേഷനുകൾ എന്നിവ രണ്ടാമത്തെ വിഭാഗത്തിലും ഉൾപ്പെടും.

കേന്ദ്ര ഘനവ്യവസായ മന്ത്രാലയം ആദ്യഘട്ടത്തിൽ സർവേ നടത്തിയ 687 സ്ഥലങ്ങളിൽ 515 എണ്ണത്തിന് നിലവിൽ അംഗീകാരം ലഭിച്ചുകഴിഞ്ഞു. 33-ലധികം സർക്കാർ വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് പദ്ധതിക്കായി വിനിയോഗിക്കുന്നത്. പൊതുജനങ്ങൾക്ക് 24 മണിക്കൂറും ഈ സ്റ്റേഷനുകളുടെ സേവനം ലഭ്യമായിരിക്കും. വാഹനങ്ങൾക്ക് തടസ്സമില്ലാതെ വന്നുപോകുന്നതിനായി പ്രത്യേക എൻട്രി, എക്സിറ്റ് സംവിധാനങ്ങളും ഇവിടെ ഒരുക്കും.

കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശ പ്രകാരം, സ്ഥലം വിട്ടുനൽകുന്ന സർക്കാർ വകുപ്പുകൾക്ക് ഉപഭോഗം ചെയ്യുന്ന ഓരോ യൂണിറ്റ് (kWh) വൈദ്യുതിക്കും ഒരു രൂപ വീതം വരുമാന വിഹിതമായി ലഭിക്കും. ചാർജിങ് സ്റ്റേഷനുകളുടെ നിർമ്മാണം, പ്രവർത്തനം, പരിപാലനം എന്നിവ ബെസ്കോം ആയിരിക്കും നിർവ്വഹിക്കുക. ഇതിനായി ബന്ധപ്പെട്ട വകുപ്പുകളുമായി ബെസ്കോം 10 വർഷത്തെ കരാറിൽ ഏർപ്പെടും. ചാർജിങ് സ്റ്റേഷനുകൾ എളുപ്പത്തിൽ കണ്ടെത്തുന്നതിനും ഡിജിറ്റൽ പണമടയ്ക്കലിനുമായി ഈ കേന്ദ്രങ്ങളെ ബെസ്കോമിന്റെ ‘ഇ.വി മിത്ര’ (EV Mithra) ആപ്പുമായി ബന്ധിപ്പിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts