വിമാനസർവീസുകൾ പലതും മുടങ്ങിക്കിടക്കുന്ന; മൈസൂരുവിൽ വിനോദസഞ്ചാരമേഖലയ്ക്ക് വീണ്ടും തിരിച്ചടി

ബെംഗളൂരു : കൊട്ടാരനഗരിയായ മൈസൂരുവിൽ വിനോദസഞ്ചാരമേഖല വീണ്ടും കുതിപ്പിന്റെപാതയിലേക്ക് തിരിച്ചെത്തുമ്പോൾ ഇവിടെനിന്നുള്ള വിമാനസർവീസുകൾ പലതും മുടങ്ങിക്കിടക്കുന്നത് തിരിച്ചടിയാകുന്നു.

കൂടുതൽ വിനോദസഞ്ചാരികളെത്തുന്ന കേരളത്തിലെ കൊച്ചിയിലേക്കും ഗോവയിലേക്കുമുള്ള വിമാനസർവീസുകൾ രണ്ടുവർഷത്തോളമായി മുടങ്ങിക്കിടക്കുകയാണ്.

സർവീസുകൾ പുനരാരംഭിക്കണമെന്ന് ആവശ്യമുയർന്നിട്ടും നടപടികളുണ്ടാകുന്നില്ലെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു.

മൈസൂരുവിൽ കഴിഞ്ഞസാമ്പത്തികവർഷം 40 ലക്ഷം സഞ്ചാരികൾ എത്തിയതായാണ് കണക്ക്. കോവിഡ് കാലത്തെ തിരിച്ചടിക്കുശേഷം ആദ്യമായാണ് സഞ്ചാരികളുടെ എണ്ണം ഇത്രയധികമുയർന്നത്.

സഞ്ചാരികളെ ഏറെആകർഷിക്കുന്ന മൈസൂരു കൊട്ടാരം 40.56 ലക്ഷം പേർ സന്ദർശിച്ചതായാണ് കണക്ക്.

മൈസൂരു-ബെംഗളൂരു അതിവേഗപാത യാഥാർഥ്യമായതുൾപ്പെടെ സന്ദർശകർ കൂടാൻകാരണമായി കണക്കാക്കുന്നു.

രണ്ട് വന്ദേഭാരത് തീവണ്ടികൾ മൈസൂരുവിലെത്തുന്നുണ്ട്. വിവിധനഗരങ്ങളിൽനിന്നുള്ള മറ്റുതീവണ്ടികളും മൈസൂരുവിലേക്ക് സന്ദർശകരെ ആകർഷിക്കുന്നുണ്ട്. പക്ഷേ, വിദേശരാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികളുടെ വരവുകുറഞ്ഞത് വിമാനസർവീസുകളില്ലാത്തതിനാലാണെന്ന് ആക്ഷേപമുണ്ട്.

മൈസൂരുവിൽനിന്ന് ബെംഗളൂരു, ബെലഗാവി, മംഗളൂരു എന്നിവിടങ്ങളിലേക്കുള്ള വിമാനസർവീസുകളും മുടങ്ങിക്കിടക്കുകയാണ്. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് മാത്രമാണ് വിമാനസർവീസുള്ളത്.

മൈസൂരുവിനെ കൊച്ചിയുമായും ഗോവയുമായും ബന്ധിപ്പിച്ചുള്ള വിമാനസർവീസുകളുണ്ടെങ്കിൽ ആ നഗരങ്ങളിലെത്തുന്ന വിനോദസഞ്ചാരികൾക്ക് മൈസൂരുവിലേക്കും എളുപ്പത്തിലെത്താനാകും.

വിദേശസഞ്ചാരികളുടെ യാത്രാറൂട്ടിൽ മൈസൂരു കൂടുതലായി ഇടംപിടിക്കാൻ ഇത് വഴിതെളിക്കും. ഈ സാധ്യതയാണ് ഇപ്പോൾ അടഞ്ഞുകിടക്കുന്നത്.

ചെറിയവിമാനങ്ങൾ മാത്രമിറങ്ങാൻ ശേഷിയുള്ള വിമാനത്താവളമാണ് മൈസൂരുവിലേത്. ഇത്തരം വിമാനങ്ങൾ ലഭിക്കാത്തതാണ് കൂടുതൽ സർവീസുകൾ ഇവിടെനിന്നാരംഭിക്കാൻ കഴിയാത്തതെന്ന് വിമാനത്താവളവുമായി ബന്ധപ്പെട്ടവർ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us