ബെംഗളൂരു : കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചതിനെത്തുടർന്ന് ദാവണഗെരെയിൽ ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ചു. ചന്നഗിരി ടൗൺ പോലീസ് സ്റ്റേഷനാണ് ആക്രമണത്തിനിരയായത്. ശനിയാഴ്ച രാവിലെയാണ് സംഭവം.
അനധികൃത വാതുവെപ്പ് നടത്തിയതിന് ചന്നഗിരി ടിപ്പുനഗർ സ്വദേശി ആദിലിനെ (30)യാണ് വെള്ളിയാഴ്ച വൈകീട്ട് പോലീസ് കസ്റ്റഡിയിലെടുത്തത്.
സ്റ്റേഷനിലെത്തിയയുടൻ ഇയാൾ കുഴഞ്ഞുവീഴുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി മരിച്ചു.
ആദിൽ മരിച്ചവിവരം പരന്നതോടെ കുടുംബാംഗങ്ങളും നാട്ടുകാരും സംഘടിച്ച് പോലീസ് സ്റ്റേഷനുമുമ്പിലെത്തി. പോലീസ് സ്റ്റേഷനുനേരെ കല്ലെറിഞ്ഞു.
ചിലർ സ്റ്റേഷനകത്തേക്ക് അതിക്രമിച്ചുകടന്ന് നാശമുണ്ടാക്കി. അക്രമത്തിൽ 11 പോലീസുകാർക്ക് പരിക്കേറ്റു. ഇവരെ ചന്നഗിരി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏഴു പോലീസ് വാഹനങ്ങൾക്ക് ജനക്കൂട്ടം തീയിട്ടു. ആദിൽ മരിച്ചത് ലോക്കപ്പ് മർദനത്തെത്തുടർന്നാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
സംഭവത്തിൽ ആദിലിന്റെ പിതാവ് നൽകിയ പരാതിയിലുൾപ്പെടെ നാല് കേസ് രജിസ്റ്റർ ചെയ്തതായി ജില്ലാ പോലീസ് സൂപ്രണ്ട് ഉമാ പ്രശാന്ത് പറഞ്ഞു.
ആദിലിന്റെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അറിയിച്ചു. പോലീസ് സ്റ്റേഷനിലെ സി.സി.ടി.വി. ക്യാമറകൾ പരിശോധിക്കും.
ആറോ ഏഴോ മിനിറ്റ് മാത്രമേ ആദിൽ പോലീസ് സ്റ്റേഷനിലുണ്ടായിരുന്നുള്ളൂവെന്നും ഉടൻ കുഴഞ്ഞുവീഴുകയായിരുന്നെന്നും അവർ പറഞ്ഞു. അക്രമത്തെത്തുടർന്ന് സ്ഥലത്ത് കൂടുതൽ പോലീസ് സംഘത്തെ വിന്യസിച്ചു.
സംഭവത്തിൽ ചന്നഗിരി ഡി.വൈ.എസ്.പി.യെയും എസ്.ഐ.യെയും സസ്പെൻഡ് ചെയ്തതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
ആദിലിന്റെ മരണകാരണം അപസ്മാരമാണെന്നാണ് ലഭിച്ച വിവരമെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.