വ്യാജ നമ്പർ പ്ലേറ്റുകളുമായി ഓടുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനൊരുങ്ങി ട്രാഫിക് പൊലീസ്

ബെംഗളൂരു: കുറ്റകൃത്യങ്ങൾ വർധിക്കുന്ന നഗരത്തിൽ വ്യാജ നമ്പർ പ്ലേറ്റുകളുമായി ഓടുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനുള്ള യജ്ഞവുമായി ട്രാഫിക് പൊലീസ് ഒരുങ്ങുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത്തരം 1500 വാഹനങ്ങൾ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. വ്യാജ നമ്പർ പ്ലേറ്റുകളുമായി ഓടുന്ന വാഹനങ്ങൾ ക്രമസമാധാന പാലനത്തിനു വൻ ഭീഷണി ഉയർത്തുന്നതായി വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. വാഹന ഉടമകൾക്കെതിരെ തട്ടിപ്പിനും വ്യാജരേഖ ചമച്ചതിനും കേസെടുത്തട്ടുണ്ട്. നിയമ ലംഘനത്തിനു പിടിക്കപ്പെട്ടവരിൽ 10 വർഷത്തിൽ അധികമായി വ്യാജ നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നവരും ഉൾപ്പെടുന്നു.

സമീപകാലത്തായി നഗരത്തിൽ വ്യാജ നമ്പർ പ്ലേറ്റുകളുള്ള വാഹനങ്ങൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ കൂടുന്നുണ്ട്. സിസിടിവികളിൽ നിന്നു രക്ഷ നേടാൻ കുറ്റവാളികൾ വ്യാജ നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നുണ്ട്. പല കേസുകളിളെയും അന്വേഷണം വഴിമുട്ടാൻ ഇതു കാരണമായി.
ഒപ്പം ഇത്തരം വാഹനങ്ങൾ ഉണ്ടാകുന്ന നിയമലംഘനങ്ങളിൽ നമ്പർ പ്ലേറ്റിന്റെ യഥാർഥ ഉടമസ്ഥർ നിയമക്കുരുക്കുകളിൽ പെടുന്ന അവസ്ഥയുമുണ്ട്. പലർക്കും ചെയ്യാത്ത കുറ്റങ്ങൾക്ക് പിഴ അടയ്ക്കേണ്ടി വന്നിട്ടുമുണ്ട്.

ഇരുചക്ര യാത്രക്കാരാണ് പിടിയിലായവരിൽ ഭൂരിഭാഗവും. കൂടുതൽ നിയമലംഘകരെ കണ്ടെത്താൻ വാഹനങ്ങളുടെ രേഖ പരിശോധന കർശനമാക്കിയതായി അധികൃതർ അറിയിച്ചു. കൂടാതെ തങ്ങളുടെ നമ്പർ പ്ലേറ്റ് മറ്റാരെങ്കിലും ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വിവരം അറിയിക്കണമെന്നു ട്രാഫിക് പൊലീസ് അറിയിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us