വിവിധ തൊഴിലാളി യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്ക് നഗരജീവിതത്തെ ബാധിച്ചുവോ ?

ബെംഗളൂരു : അർദ്ധരാത്രിയിൽ തുടങ്ങി 48 മണിക്കൂറോളം നീണ്ടു നിൽക്കുന്ന പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ തൊഴിലാളി സംഘടനകൾ പിൻതുണക്കുന്ന പണി മുടക്ക് കേരളത്തിലെ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്നതായാണ് വാർത്തകൾ.

റോഡുകളിലും മറ്റു പൊതുസ്ഥലങ്ങളിലും സമരക്കാർ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്ന വാർത്തകൾ ആണ് ഇന്ന് ചർച്ചകളിൽ നിറയുന്നത്.

അതേ സമയം ഇന്നത്തെ പണിമുടക്ക് ഉദ്യാനനഗരിയെ ഒരു വിധത്തിലും ബാധിച്ചിട്ടില്ല എന്നാണ് നിരത്തുകളിലെ തിരക്കിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്.

കെ.എസ്.ആർ.ടി.സിയും, ബി.എം.ടി.സിയും നമ്മ മെട്രോ സാധാരണ ദിവസത്തെ പോലെ സർവീസുകൾ നടത്തി.

ഓട്ടോ, ടാക്സികൾ, ആപ്പ് അധിഷ്ഠിത ടാക്സികൾ എന്നിവയും സമരം നടത്താതെ റോഡിലിറങ്ങി.നഗരത്തിൽ പണിമുടക്കുമായി ബന്ധപ്പെട്ട് എവിടെയെങ്കിലും അക്രമണം നടന്നതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

അതേ സമയം പീനിയ, ജിഗനി തുടങ്ങിയ വ്യാവസായിക മേഖലകളിൽ യൂണിയൻ പ്രവർത്തനങ്ങൾ നിലവിലുള്ള കമ്പനികൾ രണ്ട് ദിവസത്തേക്ക് ജീവനക്കാർക്ക് അവധി നൽകിയിട്ടുണ്ട്, യൂണിയനുകൾ മുൻകൂട്ടി നോട്ടീസ് നൽകിയതിനെ തുടർന്നാണ് ഇത്.

സാമ്പത്തിക വർഷം അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ തങ്ങളുടെ ടാർഗറ്റ് തികക്കാനുള്ള നെട്ടോട്ടത്തിലാണ് വ്യാവസായിക ലോകം, ഈ സമയത്ത് നടത്തുന്ന പണിമുടക്ക് ഉൽപാദനത്തിൽ സാരമായ ഇടിവ് ഉണ്ടാക്കും.

അതേ സമയം ഗതാഗത സ്തംഭനത്തിന് കുപ്രസിദ്ധിയാർജ്ജിച്ച സിൽക്ക് ബോർഡ്, ഔട്ടർറിംഗ് റോഡ്, ജാലഹള്ളി സർക്കിൾ, ടിൻ ഫാക്ടറി, ഹെബ്ബാൾ മറ്റ് നമ്മമെട്രോ പണികൾ നടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സാധാരണ ദിവസത്തെ പോലുള്ള ഗതാഗതക്കുരുക്ക് കാണാമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us