കൊവിഡ് ഭീതി: ബെംഗളൂരുവിലെ റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് പൊതുജനങ്ങൾക്ക് വിലക്ക്.

ബെംഗളൂരു: കോവിഡ് -19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ബെംഗളൂരുവിലെ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ പൊതുജനങ്ങളെ അനുവദിക്കില്ലെന്നും ക്ഷണങ്ങളും പാസുകളും ഉള്ളവരെ മാത്രമേ പരേഡിൽ പങ്കെടുക്കാൻ അനുവദിക്കുകയുള്ളെന്നും ബൃഹത് ബെംഗളൂരു മഹാനഗര പാലികെ ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പരിപാടിയുടെ ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ചടങ്ങിൽ 200 പേരെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂവെങ്കിലും, മുഖാവരണം ധരിക്കുക, സാമൂഹിക അകലം ഉറപ്പാക്കുക തുടങ്ങിയ കൊവിഡിന് അനുയോജ്യമായ പെരുമാറ്റം പിന്തുടരുന്നത് നിർബന്ധമാണെന്നും പരേഡിൽ പങ്കെടുക്കുന്നവർ പൂർണ്ണമായും വാക്സിനേഷൻ എടുത്തിട്ടുണ്ടെന്നു ഉറപ്പുവരുത്തണമെന്നും കൂടാതെ, അവർ കോവിഡ് -19 പരിശോധന നടത്തേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം ഗവർണർ താവർചന്ദ് ഗെലോട്ട് ദേശീയ പതാക ഉയർത്തും. വേദിയിലും പരിസരത്തും സുരക്ഷ ശക്തമാക്കിയതായി സിറ്റി പോലീസ് കമ്മീഷണർ കമൽ പന്ത് അറിയിച്ചു. 52 സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും മാസ്റ്റർ കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ടെന്നും ഇവയ്ക്കുപുറമെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 14 ടീമുകളും രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us