ദസറ ആഘോഷം; നിശ്ചലദൃശ്യങ്ങൾ അണിയറയിൽ ഒരുങ്ങുന്നു

മൈസൂർ: കോവിഡിന്റെ പശ്ചാത്തലത്തിൽ, വിജയദശമി ദിനത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന ആഘോഷങ്ങൾ വെട്ടിച്ചുരുക്കി. ഈ സാഹചര്യത്തിൽ ദസറ ആഘോഷങ്ങൾക്കു മുന്നോടിയായി ഘോഷയാത്രക്കുള്ള മുൻകൂർ തീരുമാനിച്ച നിശ്ചലദൃശ്യങ്ങൾ അണിയറയിൽ തയാറാകുന്നു.

മൈസൂർ കൊട്ടാരത്തിന് സമീപമുള്ള ദസറ എക്സിബിഷൻ മൈതാനിയിൽ നടക്കുന്ന തയ്യാറെടുപ്പുകൾ ബുധനാഴ്ചയോടെ പൂർണമാകും. ആസാദി കാ അമൃത് മഹോത്സവ്, കോവിഡ്മുക്ത കർണാടക, മൈസൂരു കൊട്ടാരം, ബഹുനില പാർപ്പിട സമുച്ചയം, പരിസ്ഥിതി സംരക്ഷണം, കൃഷി എന്നിവയെ ആസ്പദമാക്കിയുള്ള ആറ് നിശ്ചലദൃശ്യങ്ങൾ മാത്രമാണ് ഇത്തവണ ഘോഷയാത്രയിൽ ഉണ്ടാകുക. മന്ത്രിയും ജില്ലാ ചുമതല വഹിക്കുന്നതുമായ ശ്രീ. എസ്. ടി സോമശേഖരൻ നിർമ്മാണ പുരോഗതി ഉറപ്പുവരുത്തി.

‘കോവിഡ്മുക്ത കർണാടക’ എന്ന വിഷയത്തിൽ 7.5 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന ആരോഗ്യ വകുപ്പിൻ്റെ നിശ്ചലദൃശ്യം, ഒരു വനിതാ ഡോക്ടർ വാക്സിൻ ഉപയോഗിച്ച് കൊറോണയെ കൊല്ലുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. എട്ട് ലക്ഷം രൂപ ചിലവിട്ടാണു ഹോർട്ടികൾച്ചർ വകുപ്പും കൃഷി വകുപ്പും ചേർന്നുള്ള നിശ്ചല ദൃശ്യം തയ്യാറാക്കുന്നത്. ആസാദി കാ അമൃത് മഹോത്സവും പരിസ്ഥിതി സംരക്ഷണവും ഏഴ് ലക്ഷം വീതമാണ് ചിലവിടുന്നത്. മൈസൂർ കൊട്ടാരം സംബന്ധിച്ച നിശ്ചലദൃശ്യത്തിന് നാല് ലക്ഷം രൂപയാണ് ചിലവ് വരുന്നത്. ബഹുനില പാർപ്പിട സമുച്ചയത്തിൻ്റെ നിശ്ചലദൃശ്യം, മൈസൂരു നഗരവികസന അതോറിറ്റിയുടെ നേതൃത്വത്തിൽ എട്ട് ലക്ഷമാണ് ചിലവ്.

ഇത്തവണത്തെ ഘോഷയാത്ര പൊതുജനങ്ങൾക്ക് പ്രവേശനമില്ലാതെ കൊട്ടരവളപ്പിൽ നടക്കും. ഘോഷയാത്രയുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. കൊട്ടാരത്തിലെ ഘോഷയാത്രാ പരിശീലനം അവസാന ഘട്ടത്തിലാണ്.

ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പ്രദീപ് ഗുന്ധിയുടെ നേതൃത്വത്തിൽ രണ്ട് ബറ്റാലിയൻ പോലീസ്, പോലീസ് ബാൻഡ്, കുതിരപ്പോലീസ് കൂടാതെ ആനയുമുൾപ്പെടുന്ന പരിശീലനം തിങ്കളാഴ്ച നടന്നു.

ആയിരകണക്കിന് ആളുകൾ ദീപാലങ്കാരം ആസ്വദിക്കാൻ എത്തുന്നതിനാൽ സമയം 10 മണിയിൽ നിന്നും 10.30 ആക്കിയിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പരിഗണിച്ച് വീണ്ടും 10 മണിയായി സമയം മാറ്റിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us