“അതിരു കാക്കും മലയൊന്നു തുടുത്തേ, തുടുത്തേ തക തക താ…. ” മഹാനടൻ നെടുമുടി വേണുവിന്റെ സിനിമ ജീവിതത്തിലൂടെ…

ദൂരെ മലമടക്കുകളിൽ നിന്ന് സിദ്ധൻ്റെ ശബ്ദം കേൾക്കുമ്പോൾ ലാലിനു മാത്രമല്ല, പ്രേക്ഷകർക്കും മനസിൽ ഒരു വിങ്ങലുണ്ടായെങ്കിൽ ജീവിതം തന്നെ ഒരു തമാശയെന്നു തോന്നിപ്പിക്കുമാറ് ഈ പാട്ടും പാടി, കള്ളും മോന്തി, ഇടക്കു വഴക്കു കൂടി നടന്ന സർവ്വകലാശാലയിലെ സിദ്ധനെ അനശ്വരമാക്കിയ നെടുമുടി വേണു എന്ന കേശവൻ വേണുഗോപാലിൻ്റെ മിടുക്കാണത്.

“മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു” എന്ന ചിത്രത്തിൽപട്ടാളത്തിൽ നിന്ന് വിരമിച്ച് മദ്രാസിലെ വീട്ടിലെത്തി ബഡായി പറഞ്ഞ് നാട്ടുകാരെ വെറുപ്പിച്ചു നടക്കുന്ന കുമാരൻ നായർ കള്ളനെന്നു മുദ്രകുത്തപ്പെട്ട് റെയിൽവേ സ്റ്റേഷനു പകരം പോലീസ് സ്റ്റേഷനിലെത്തുമ്പോഴും പോലീസിൻ്റെ ഇടിയുടെ കനം താങ്ങാനാവാതെ “ഞാനാ റിപ്പർ ” എന്നു സമ്മതിക്കുമ്പോഴും ആ ഭാവങ്ങൾ കണ്ടാൽ സഹതാപം തോന്നുകയും അതോടൊപ്പം ചിരിച്ചു പോകുകയും ചെയ്യും.

” ഹിസ് ഹൈനസ് അബ്ദുള്ള “യിലെ ഉദയവർമ്മ മഹാരാജാവും ” ചിത്രം ” എന്ന ചിത്രത്തിലെ കൈമളും “ഓർക്കാപ്പുറത്ത് ” എന്ന ചിത്രത്തിലെ നിക്കോളാസും “ആകാശദൂത് ” എന്ന ചിത്രത്തിലെ ഫാദറും “വൈശാലി”യിലെ രാജഗുരുവും ” “വിദ്യാരംഭ “ത്തിലെ മാധവൻ എഴുത്തച്ഛനും “പഞ്ചവടി പാലം ” എന്ന ചിത്രത്തിലെ ശിഖണ്ഡി പിളളയും “പൂച്ചക്കൊരു മൂക്കുത്തി”യിലെ രാവുണ്ണി മേനോനുമൊക്കെ തമ്മിൽ വളരെയേറെ അന്തരമുണ്ട്.

ഇതിനൊക്കെ മുൻപ് ഭരതൻ, പത്മരാജൻ ചിത്രങ്ങളിലെ പ്രകടനങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോഴാണ് നെടുമുടി എന്ന വൻമരത്തിൻ്റെ ശിഖരങ്ങൾ എത്ര ബലവത്തായിരുന്നു എന്നു മനസിലാക്കാൻ കഴിയുന്നത്. “ആരവം” എന്ന ചിത്രത്തിലെ മരുത്, “തകര “യിലെ ചെല്ലപ്പനാശാരി, “ചാട്ട “യിലെ ഭൈരവൻ, “കള്ളൻ പവിത്ര “നിലെ പവിത്രൻ, “വിട പറയും മുമ്പേ “യിലെ സേവ്യർ, “കോലങ്ങൾ”ലെ പരമു, “യവനിക”യിലെ ബാലഗോപാൽ ,” “പാളങ്ങൾ” ലെ രാമൻ കുട്ടി…. അങ്ങനെ നീണ്ടു നിവർന്നു കിടക്കുന്നു ആ വേഷപ്പകർച്ചകൾ.

എന്നിരുന്നാലും നെടുമുടി വേണു എന്നു കേൾക്കുമ്പോൾ ഒരു കാരണവരുടെ രൂപമാണ് മനസിൽ നിറയുന്നത്. സംഗീതത്തിനു പ്രാധാന്യമുള്ള സിനിമകളിൽ അദ്ദേഹം മിന്നിയിരുന്നു. ഒരു മൃദംഗിസ്റ്റ് കൂടി ആയതിനാലാകാം, അത്തരം സിനിമകളിൽ വളരെയേറെ സ്വാഭാവികത തോന്നിയിരുന്നു.”ചിത്രം” എന്ന ചിത്രത്തിലെ “നഗുമോ” എന്ന കീർത്തനത്തിൻ്റെ ആലാപന രംഗത്ത് പാടുന്നതും മൃദംഗം വായിക്കുന്നതും അദ്ദേഹം തന്നെ എന്നു തോന്നിപ്പോകും.

സ്കൂൾ മാഷായിരുന്ന പി.കെ കേശവൻ നായരുടേയും കുഞ്ഞിക്കുട്ടിയമ്മയുടെയും അഞ്ചു മക്കളിൽ ഇളയ കുട്ടിയായി ആലപ്പുഴയിൽ ജനിച്ച വേണു നെടുമുടിയിലെ എൻ.എസ്.എസ് സ്കൂളിലും ചമ്പക്കുളത്തെ സെൻ്റ് മേരീസ് സ്കൂളിലും പഠിച്ചു. അതിനു ശേഷം എസ്.ഡി കോളജിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ അദ്ദേഹം കലാകൗമുദിയിൽ ജേർണലിസ്റ്റായി പ്രവർത്തിച്ചു. കാവാലം നാരായണ പണിക്കരുടെ നാടകങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു.

തിരുവനന്തപുരത്തെ ജീവിതത്തിനിടയിൽ സംവിധായകരായ അരവിന്ദനേയും പത്മരാജനേയും നടൻ ഭരത് ഗോപിയേയും കണ്ടുമുട്ടിയത് വഴിത്തിരിവായി. 1978 ൽ “തമ്പ്” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന അദ്ദേഹം പത്മരാജൻ, ഭരതൻ സിനിമകളിലൂടെ ചുവടുറപ്പിച്ചു. പിന്നീട് മലയാള സിനിമാലോകം കണ്ടത് ചരിത്രം. മലയാളം കൂടാതെ തമിഴിൽ “ഇന്ത്യൻ”, “അന്യൻ” എന്നീ ചിത്രങ്ങളിലും വേഷമിട്ടു.

” സൈറ” എന്ന ചിത്രത്തിലെ അഭിനയത്തിന് 2007ൽ സിംബാബ്വേയിൽ നടന്ന ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും നല്ല നടനുള്ള അംഗീകാരം ലഭിക്കുമ്പോൾ അദ്ദേഹത്തിൻ്റെ അനായാസ അഭിനയത്തേയും ജൂറി പരാമർശിച്ചിരുന്നുവെന്നത് അഭിമാനിക്കാവുന്ന കാര്യം തന്നെ. നിരവധി സംസ്ഥാന പുരസ്കാരങ്ങളും ദേശീയ പുരസ്കാരങ്ങളും നേടിയ അദ്ദേഹം സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്ക് ഓടുന്ന ഒരു കാലമുണ്ടായിരുന്നു. വർഷത്തിൽ 16-17 സിനിമകളിലൊക്കെ അദ്ദേഹം വേഷമിട്ടിരുന്നു.

മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന വേണുച്ചേട്ടനും മറയുമ്പോൾ അദ്ദേഹത്തിൻ്റെ സ്ഥാനത്ത് ശൂന്യത മാത്രം…. ആ മഹാപ്രതിഭക്ക് പ്രണാമം!

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us