ബെംഗളൂരു: ക്രൂരമായി റാഗ് ചെയ്ത ഒൻപത് മലയാളി വിദ്യാർഥികൾ അറസ്റ്റിൽ. മംഗളൂരുവിലെ ശ്രീനിവാസ് കോളേജിലെ ഒന്നാംവർഷ ബി.ഫാം. വിദ്യാർഥി കാസർകോട് സ്വദേശി അഭിരാജ് നൽകിയ പരാതിയിലാണ് അറസ്റ്റ്.
കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർഥികളെ റാഗ് ചെയ്ത ഇതേ കോഴ്‌സിന് പഠിക്കുന്ന സീനിയർ വിദ്യാർഥികളായ ജിഷ്ണു (20), പി.വി.ശ്രീകാന്ത് (20), അശ്വന്ത് (20), സായന്ത് (22), അഭിരത്ത് രാജീവ് (21), പി.രാഹുൽ (21), ജിഷ്ണു (20), മുഖ്താർ അലി (19), മുഹമ്മദ് റസീം (20) എന്നിവരെയാണ് മംഗളൂരു റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ മുഴുവൻ വിദ്യാർഥികളും കേരളത്തിൽനിന്നുള്ളവരാണ്. രക്ഷിതാക്കളുടെ പരാതിയിൽ കോളേജ് മാനേജ്‌മെന്റ് നടപടിയെടുക്കാത്തതിനെത്തുടർന്നാണ് പോലീസിനെ സമീപിച്ചത്.
താടിയും മുടിയും വടിച്ചുകളയണമെന്നാവശ്യപ്പെട്ട് അഭിരാജിനെയും സഹപാഠിയെയും സീനിയർ വിദ്യാർഥികൾ ജനുവരി 10-ന് കോളേജിൽവെച്ച് ഭീഷണിപ്പെടുത്തിയിരുന്നു.
രണ്ടുദിവസം കഴിഞ്ഞ് വീണ്ടും ഇതേ തരത്തിൽ ഭീഷണിപ്പെടുത്തുകയും രണ്ടുപേരോടും സീനിയർ വിദ്യാർഥികളുടെ താമസസ്ഥലത്ത് എത്താൻ ആവശ്യപ്പെടുകയും ചെയ്തു. ഇതനുസരിച്ച് അഭിരാജും കൂട്ടുകാരും സീനിയർ വിദ്യാർഥികൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തെത്തി.
അതോടെ ഇവരെ സംഘം ചേർന്ന് മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതേ സമയം സീനിയർ വിദ്യാർഥികൾ വിളിച്ചുവരുത്തിയ മറ്റ് നാല് ജൂനിയർ വിദ്യാർഥികളും അവിടെയുണ്ടായിരുന്നു. ഇവരും ക്രൂരമായ റാഗിങ്ങിനിരയായി.
മാനസികമായും ശാരീരികമായും തളർന്ന അഭിരാജ് പഠനം നിർത്തി നാട്ടിലേക്ക് മടങ്ങി. ഇനി കോളേജിലേക്ക് പോകുന്നില്ലെന്ന് അറിയിച്ചതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് റാഗിങ് വിവരം പുറത്തറിഞ്ഞത്.
എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്നും വിദ്യാർഥികളുടെ താമസസ്ഥലത്ത് നടന്ന സംഭവമായതിനാൽ ഉത്തരവാദിത്തമില്ലെന്നുമാണ് കോളേജ് മാനേജ്‌മെന്റ് പറയുന്നത്.
കോളേജിൽ പഠിക്കുന്ന വിദ്യാർഥികൾ എവിടെയായാലും റാഗിങ്ങിന് വിധേയരാകുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് മാനേജ്‌മെന്റിന്റെ ഉത്തരവാദിത്വമാണെന്ന് സിറ്റി പോലീസ് കമ്മിഷണർ എൻ.ശശികുമാർ പറഞ്ഞു.
കോളേജുകൾക്ക് ഈ ഉത്തരവാദിത്വത്തിൽനിന്ന് മാറിനിൽക്കാനാവില്ലെന്നും റാഗിങ്ങിനെതിരേ കർശന നടപടി കൈക്കൊള്ളണമെന്നും കമ്മിഷണർ വെളിപ്പെടുത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.