ബെംഗളൂരു: കോവിഡ് വാക്സിന്റെ പേരിലുള്ള തട്ടിപ്പുകളും കുത്തനെ വർധിക്കുന്നതായി റിപ്പോർട്ട്. വിതരണം തുടങ്ങുന്നതിനുമുമ്പേ വാക്സിൻ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ സമീപിക്കുന്നത്.
സാമ്പത്തിക ശേഷിയുള്ളവരെയും ബിസിനസുകാരെയുമാണ് ഇത്തരം തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്. കോവിഡ് ഭീതി മുതലെടുത്ത് തട്ടിപ്പുകാർ വ്യാജമരുന്നുകൾ വിതരണം ചെയ്യാനുള്ള സാധ്യതയാണ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്.
വിവിധ കോണുകളിൽനിന്ന് പരാതികളുയർന്നുതുടങ്ങിയതോടെ കോവിഡ് വാക്സിനുകൾ കരിഞ്ചന്തയിൽ ലഭ്യമല്ലെന്നും തട്ടിപ്പുകൾക്കെതിരേ ജാഗ്രതവേണമെന്നും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഡോക്ടർമാർ.
പ്രൈവറ്റ് ഹോസ്പിറ്റൽസ് ആൻഡ് നഴ്‌സിങ് ഹോംസ് അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ ഇത്തരം തട്ടിപ്പുകാർക്കെതിരേ നടപടിയെടുക്കണമെന്ന് സർക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ചില രോഗികൾ കോവിഡ് വാക്സിൻ പുറത്തുനിന്ന് ലഭിക്കുന്നത് സുരക്ഷിതമാണോയെന്ന കാര്യത്തിൽ ഉപദേശംതേടി തങ്ങളെ വിളിക്കാറുണ്ടെന്നാണ് ഡോക്ടർമാരുടെ വെളിപ്പെടുത്തൽ.
സർക്കാർ തലത്തിലല്ലാതെ വാക്സിൻ ലഭിക്കാനുള്ള സംവിധാനം നിലവില്ലെന്ന് ഉപദേശം തേടുന്നവരെ ബോധ്യപ്പെടുത്തുകയാണ് ഡോക്ടർമാർ ചെയ്യുന്നത്.
എന്നാൽ ഇതുവരെ കബളിപ്പിക്കപ്പെട്ടതായുള്ള പരാതികളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. കോവിഡ് വാക്സിൻ ലഭിക്കുന്നതിന് രജിസ്റ്റർ ചെയ്യാനെന്ന വ്യാജേന ചില വ്യാജ വെബ്‌സൈറ്റുകളും ആദ്യഘട്ടത്തിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് ഈ വെബ്‌സൈറ്റുകൾ അപ്രത്യക്ഷമായതായി വെളിപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.