കണ്ണൂരിലെ പ്രതിഭകളെക്കുറിച്ച് ലോകമറിയാൻ ഒരു വേദി.

കലയുടെ ഒരു വലിയ കലവറയാണ് കണ്ണൂർ. പക്ഷെ, നിർഭാഗ്യവശാൽ പലപ്പോഴും കഴിവുറ്റ കലാകാരൻമാർ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ കിട്ടാതെ വലയുന്നു, അവരിലെ പ്രതിഭയെ ലോകം അറിയാതെ പോവുന്നു.

അങ്ങനെയുള്ള കലാകാരന്മാർക്കായി ഒരു വേദി എന്ന നിസ്വാർത്ഥമായ ലക്ഷ്യത്തോടെയാണ് kannurtalents.com എന്ന വെബ് സൈറ്റ് ഒരുക്കിയിരിക്കുന്നത്.

സംഗീതം, നൃത്തം, സാഹിത്യം, കരകൗശലം, ചിത്രകല, ഫോട്ടോഗ്രാഫി, സിനിമറ്റോഗ്രാഫി, പാചകകല, തുടങ്ങി വിവിധ മേഖലകളിൽ കഴിവുള്ള കണ്ണൂർ ജില്ലക്കാരുടെ കലാസൃഷ്ടികൾ ഒരു കുടക്കീഴിൽ ലോകത്തിന് മുമ്പിൽ അവതരിപ്പിക്കുകയാണ് kannurtalents.com ചെയ്യുന്നത്.

kannurtalents.com ലേക്ക് തങ്ങളുടെ സൃഷ്ടികൾ അയക്കുന്ന ഓരോ കലാകാരന്മാരുടെ പേരിലും ഒരു വെബ് പേജ് നിർമ്മിക്കപ്പെടുന്നു എന്നതാണ് ഈ വെബ് സൈറ്റിൻറെ മറ്റൊരു സവിശേഷത.

വെബ് സൈറ്റിന് പുറമെ കലാസൃഷ്ടികൾ, kannurtalents.com ൻറെ ഫേസ്ബുക്ക് പേജിലൂടെയും (thekannurtalents), യൂട്യൂബ് ചാനലിലൂടെയും (KannurTalents) ആസ്വാദകരിലേക്കെത്തിക്കുന്നു.

സൃഷ്ടികൾ അയക്കുന്നതിനു പ്രായപരിധിയില്ല എന്നതും, അച്ഛനും അമ്മയ്ക്കും മക്കൾക്കും അമ്മൂമ്മയ്ക്കും എല്ലാം ഒരേ വേദി പങ്കിടാം എന്നതും kannurtalents.com നെ തികച്ചും വ്യത്യസ്തമാക്കുന്നു.

കോവിഡ് കാലത്ത്, നാട്ടിൽ നിരീക്ഷണത്തില്‍ ഇരിക്കുമ്പോൾ ബെംഗളൂരു ആസ്ഥാനമാക്കി ജോലി ചെയ്യുന്ന അനു ലക്ഷ്മണിന്‍റെ മനസ്സില്‍ ഉടലെടുത്ത ഒരു ആശയമാണ് kannurtalents.com എന്ന വെബ് സൈറ്റ്.

കണ്ണൂർ ജില്ലയിലെ കലാകാരീ-കലാകാരന്മാരുടെ സൃഷ്ടികൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ തീർത്തും സൗജന്യമായ ഒരു ഓൺലൈൻ വേദി – അതാണ് kannurtalents.com. ഈ ആശയം സുഹൃത്തുക്കളുമായി പങ്കുവെച്ചപ്പോൾ, അത് യാഥാർഥ്യമാക്കാൻ ലാഭേച്ഛയേതുമില്ലാതെ സഹകരിക്കാനും സഹായിക്കാനും ചില നല്ല മനസ്സുകൾ തയ്യാറായി. അങ്ങനെയാണ് kannurtalents.com എന്ന വെബ് സൈറ്റ് ജന്മം കൊണ്ടത്.

വെബ് സൈറ്റിന്റെ ഉദ്ഘാടനം, ചിത്രകാരൻ, ചരിത്രകാരൻ, ഫോട്ടോഗ്രാഫർ, പ്രാസംഗികൻ എന്നീ നിലകളിൽ പ്രശസ്‌തനായ ശ്രീ കെ കെ മാരാർ 2020 മെയ് 25 ന് നിർവ്വഹിച്ചു.

ആരംഭിച്ച് ദിവസങ്ങൾക്കകം തന്നെ ജനപ്രീതി നേടിയ വെബ് സൈറ്റിലേക്ക് കഴിഞ്ഞ 6 മാസത്തിനിടയിൽ 1000 ത്തോളം കലാകാരന്മാരുടെ 6000 ലധികം സൃഷ്ടികളാണ് എത്തിയത്. ദിവസവും ആയിരക്കണക്കിനാളുകളാണ് വെബ്‌സൈറ്റ് സന്ദർശിക്കുന്നത്.

kannurtalents.com ലെ സൃഷ്ടികളെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൻറെ ഭാഗമായി സൃഷ്‌ടിച്ച യൂട്യൂബ് ചാനലും, ഫേസ്ബുക് പേജുകളും ഫലം കാണുകയും കലാസൃഷ്ടികളെ ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിക്കാൻ സാധിക്കുകയും ചെയ്‌തു.

നിസ്വാർത്ഥസേവനം ചെയ്യുന്ന 6 പേരുടെ പരിശ്രമത്താലാണ് ഈ വെബ് സൈറ്റിൻറെ ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോവാൻ സാധിക്കുന്നത്.

ലോക്ക്ഡൗൺ കാരണം കൂട്ടിലടക്കപ്പെട്ടത് പോലെ ഇരിക്കേണ്ടി വന്ന കുഞ്ഞുങ്ങളുടെ മനസ്സിന് ആശ്വാസവും സന്തോഷവും പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് kannurtalents.com കണ്ണൂരിലെ സ്ക്കൂൾ കുട്ടികൾക്കായി ഒരു ഓൺലൈൻ കവിതാപാരായണ മത്സരം സംഘടിപ്പിച്ചത്.

400 ലധികം കുട്ടികൾ പങ്കെടുത്ത ഈ മത്സരം കേരളത്തിലെ ഏറ്റവും ജനപ്രീതി നേടിയ ഓൺലൈൻ മത്സരങ്ങളിലൊന്നായിരുന്നു. അതുകൊണ്ടു തന്നെ ഒരു വലിയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിനെ അനുസ്മരിപ്പിക്കും വിധത്തിലുള്ള വളരെ വ്യത്യസ്‌തവും പുതുമയാർന്നതുമായ ഗ്രാൻഡ് ഫിനാലെയിലൂടെയാണ് ഞങ്ങൾ വിജയികളെ പ്രഖ്യാപിച്ചത്. മലയാളികളുടെ പ്രിയ ഗായകൻ ശ്രീ ജി വേണുഗോപാലാണ് വിജയികളെ പ്രഖ്യാപിച്ചത്.

കവിതാപാരായണ മത്സരത്തിൻറെ അനിതരസാധാരണമായ വിജയം ഉടൻ തന്നെ മറ്റൊരു ഓൺലൈൻ മത്സരം സംഘടിപ്പിക്കാൻ kannurtalents.com ന്  പ്രചോദനമായി. പ്രശസ്‌ത സിനിമാതാരവും നർത്തകിയുമായ അഞ്ജു അരവിന്ദിൻറെ ഉടമസ്ഥതയിൽ ഉള്ള A3D അഥവാ അഞ്ജു അരവിന്ദ് അക്കാഡമി ഓഫ് ഡാൻസുമായി ചേർന്ന് “ഊർവശി മേനക രംഭ തിലോത്തമ” എന്ന ഒരു നൃത്തമത്സരത്തിൻറെ ഓഡിഷൻ റൌണ്ട് നടക്കുകയാണിപ്പോൾ. മുപ്പത് വയസ്സ് കഴിഞ്ഞ മലയാളി വനിതകൾക്കായുള്ള ഈ മത്സരത്തിന് ലോകത്തിൻറെ പല കോണുകളിൽ നിന്നും ഇതിനകം തന്നെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

“കേരളത്തിനകത്തും പുറത്തുമുള്ള ചില വ്യാപാരസ്ഥാപനങ്ങളുടെ സ്‌പോൺസർഷിപ് ലഭിച്ചത് കൊണ്ട് കവിതാപാരായണ മത്സരത്തിൻറെ വിജയികൾക്ക് ഉചിതമായ സമ്മാനതുകയും പ്രോത്സാഹനവും നൽകാൻ ഞങ്ങൾക്ക് സാധിച്ചു. പകരം ഞങ്ങളുടെ വെബ് സൈറ്റിലൂടെയും, ഗ്രാൻഡ് ഫിനാലെ ചടങ്ങിന്റെ വീഡിയോയിലൂടെയും ആ സ്ഥാപനത്തിന് അല്ലെങ്കിൽ പ്രോഡക്റ്റ് നല്ല രീതിയിലുള്ള പരസ്യം നൽകാൻ ഞങ്ങൾക്ക് സാധിച്ചു.”ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ വെളിപ്പെടുത്തുന്നു.

kannurtalents.com ന്റെ ഈ സേവനം തികച്ചും സൗജന്യമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us