നാഗർഹോളെ വഴിയുള്ള യാത്രക്കാർക്ക് ഇനി ചെക്ക്പോസ്റ്റിൽ നിന്ന് ‘ടൈം ടിക്കറ്റ്’

ബെംഗളൂരു: നാഗർഹോളെ വഴിയുള്ള യാത്രക്കാർക്ക് ഇനി ചെക്ക്പോസ്റ്റിൽ നിന്ന് ‘ടൈം ടിക്കറ്റ്’. നാഗർഹോള കടുവാസങ്കേതപരിധിയിലുള്ള റോഡുകളിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർ ഇനി വനംവകുപ്പിന്റെ കർശനനിരീക്ഷണത്തിലാകും.

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായുള്ള ലോക്ഡൗണിനുശേഷം നാഗർഹോളെവഴി വരുന്ന സഞ്ചാരികൾ കൂടിയിട്ടുണ്ട്. നിയമവിരുദ്ധമായി വനത്തിനകത്തുകയറി വന്യമൃഗങ്ങളെ വേട്ടയാടുന്ന സംഭവങ്ങൾ അടുത്തിടെ ആവർത്തിച്ചുണ്ടായിരുന്നു. ഏതാനും വന്യമൃഗങ്ങളുടെ ജീവൻ പൊലിഞ്ഞു.

യാത്രക്കാർ വന്യജീവികളുടെ സ്വൈരവിഹാരത്തിന് വിഘാതം സൃഷ്ടിക്കുന്നുണ്ടെന്നുകണ്ടാണ് വനംവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. യാത്രക്കാർ നാഗർഹോളയുടെ പരിധിയിലേക്ക് പ്രവേശിക്കുമ്പോൾ അവർക്ക് പ്രത്യേക യാത്രാടിക്കറ്റ് നൽകി നിരീക്ഷിക്കാനാണ് ആലോചിക്കുന്നത്.

യാത്രക്കാർ വന്നസമയവും അവർ നാഗർഹോളെയുടെ പരിധിവിട്ട് പോകേണ്ട സമയവും രേഖപ്പെടുത്തിയുള്ള ടിക്കറ്റാണ് നൽകുക. ഇതിൽ രേഖപ്പെടുത്തിയ സമയപരിധി കഴിഞ്ഞാണ് മറുപുറമെത്തുന്നതെങ്കിൽ പിഴ ഈടാക്കാനും പദ്ധതിയുണ്ട്. അതിവേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങളെ പിടികൂടാനും ഇതുവഴി കഴിയും.

നാഗർഹോളെയിലെ നാനാച്ചി ചെക്ക് പോസ്റ്റിലെത്തുമ്പോൾ യാത്രക്കാർക്ക് ‘ടൈം ടിക്കറ്റ്’ നൽകും. സൗജന്യമായി നൽകുന്ന ടിക്കറ്റിൽ യാത്രക്കാരുടെ വാഹനത്തിന്റെ നമ്പർ, ഡ്രൈവറുടെ പേര്, വന്ന സമയം, 30 കിലോമീറ്റർ അകലെ നാഗർഹോള പരിധി വിട്ടുപോകുന്ന സ്ഥലത്തെത്തേണ്ട സമയം എന്നിവ രേഖപ്പെടുത്തും.

ഒരു മണിക്കൂറാണ് ഈ പരിധിയിലൂടെ വാഹനങ്ങൾക്ക് യാത്രചെയ്യാൻ അനുവദിക്കുന്ന സമയം. അതുകഴിഞ്ഞ് ഒരോ മണിക്കൂർ വൈകുംതോറും ആയിരം രൂപവീതം പിഴ ഈടാക്കും. വനത്തിനകത്തുകൂടി സഞ്ചരിക്കുന്ന യാത്രക്കാർ വന്യമൃഗങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് നിയന്ത്രിക്കാനാണ് ടിക്കറ്റ് സമ്പ്രദായം നടപ്പാക്കുന്നത്.

നേരത്തേ ഇവിടെ ടൈം ടിക്കറ്റ് സമ്പ്രദായം ഉണ്ടായിരുന്നു. 2017-ലായിരുന്നു ഇത്. പിന്നീട് നിന്നുപോയി. വന്യജീവികളുടെ ജീവൻ പൊലിയുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ടിക്കറ്റ് വീണ്ടും ഏർപ്പെടുത്തുന്നതെന്ന് വനം അധികൃതർ വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us