ബെംഗളൂരു: കോവിഡ് പശ്ചാത്തലത്തിൽ സ്കൂൾ പഠന ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയതിനെത്തുടർന്നു,വീടുകളിൽ ലാപ്ടോപ്പ് ,സ്മാർട്ട് ഫോൺ ഇല്ലാത്തവരെ കണ്ടെത്തി സഹായിക്കാൻ മലയാളം മിഷൻ കർണാടക ചാപ്റ്റർ രംഗത്ത്.
ജൂൺ 1 നു ക്ലാസുകൾ ആരംഭിച്ചതിനെ തുടർന്ന് ,സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പല കുടുംബംങ്ങളിലെ കുട്ടികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്തതുകൊണ്ട് ഓൺലൈൻ ക്ലാസ്സുകളിൽ പങ്കുടുക്കുവാൻ കഴിയുന്നില്ല.
കൊറോണ പ്രതിസന്ധിയിൽ ജോലിയും വരുമാനവും നഷ്ടപെട്ടവർക്ക് ,ഈ സമയത്തു പുതിയ ലാപ്ടോപ്പ് /സ്മാർട്ട് ഫോൺ വാങ്ങുന്നത് പ്രായോഗികമല്ല.
ഈ പ്രതിസന്ധി മനസ്സിലാക്കിയാണ് മലയാളം മിഷൻ പദ്ധതി ആവിഷ്കരിച്ചത്.
ഐ.ടി. നഗരമായ ബെംഗളൂരുവിൽ നിരവധി വീടുകളിൽ പഴയ ലാപ്ടോപ്പ് / സ്മാർട്ട് ഫോണുകൾ/ടാബ്ലറ്റ് എന്നിവ ഉപയോഗിക്കാതെ ഇരിക്കുന്നുണ്ട്.
ഇവ ശേഖരിച്ചു ആവശ്യക്കാരിലേക്കു എത്തിച്ചു നൽകുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
മലയാളം മിഷന്റെ 400 ൽ പരം ക്ലാസുകൾ വഴി ഈ സന്ദേശം പ്രചരിപ്പിച്ചു പദ്ധതി നടപ്പിൽ വരുത്തും. കൂടാതെ അപ്പാർട്മെന്റുകൾ,ഗേറ്റഡ് കമ്മ്യൂണിറ്റികൾ,ഫ്ലാറ്റ് സമുച്ചയങ്ങൾ എന്നിവിടങ്ങളിലെ കമ്മിറ്റികൾ മുഖാന്തരം പദ്ധതി വിജയിപ്പിക്കാൻ ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
മലയാളം മിഷൻ ഉപദേശക സമിതി അംഗം ഗോപിനാഥ് അമ്പാടി മൂന്നു കുട്ടികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തുകൊണ്ട് പദ്ധതി ഉത്ഘാടനം ചെയ്തു.
കൊറോണ കാലത്തു മലയാളം മിഷൻ മുൻകൈ എടുത്തു ബെംഗളൂരിലെ എല്ലാ മലയാളി സംഘടനകളെയും സഹകരിപ്പിച്ചു ഹെൽപ് ഡെസ്ക് രൂപികരിച്ചു നിരവധി സഹായ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
കർണാടകയിലെ മലയാളി സമൂഹത്തിൽ വളരെയേറെ പ്രശംസ നേടിയ ഈ പ്രവർത്തനങ്ങൾ,കേരളത്തിലും ചർച്ച ആയിരുന്നു.
ആയിരക്കണക്കിന് മലയാളികൾക്ക് ഗുണകരമായ ഈ പ്രവർത്തങ്ങളുടെ തുടർച്ച എന്ന നിലക്ക് എല്ലാ സംഘടനകളുടെയും സഹകരണത്തോടെ ഈ പദ്ധതിയും നല്ല രീതിയിൽ വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ് മലയാളം മിഷൻ.
നഗരത്തിലെ സാമ്പത്തികമായി പിന്നോക്കമുള്ള കുടുംബങ്ങളിലെ കുട്ടികളെ കണ്ടെത്തി ഓൺലൈൻ ക്ലാസ്സ് ഉപയോഗപ്പെടുത്തുന്നതിൽ സഹായിക്കാനുള്ള ഈ ബൃഹത് പദ്ധതിയിൽ എല്ലാവരും സഹരിക്കണമെന്നു മലയാളം മിഷൻ ഭാരവാഹികളായ ബിലു .സി.നാരായണൻ,കെ.ദാമോദരൻ,ടോമി ആലുംങ്കൽ എന്നിവർ അഭ്യർത്ഥിച്ചു .
പഴയതും എന്നാൽ പ്രവർത്തന ക്ഷമതയുള്ളവയുമായ ലാപ്ടോപ്പ് , സ്മാർട്ട് ഫോൺ,ടാബ്ലറ്റ് എന്നിവ ഡോണറ്റ് ചെയ്യാൻ താല്പര്യമുള്ളവരും, യൂസ്ഡ് ഡിജിറ്റൽ ഉൽപന്നങ്ങൾ ആവശ്യമുള്ളവരും മലയാളം മിഷൻന്റെ താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നതായി മലയാളം മിഷൻ അറിയിച്ചു.
8884840022 / 9035161130 / 9535201630 /9448108801 / 9880770648
മലയാളം മിഷൻ കർണാടക ചാപ്റ്ററിന് വേണ്ടി കോഓർഡിനേറ്റർ ജോമോൻ സ്റ്റീഫൻ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.