പറവൂര്‍: കേസ് വിസ്താരത്തിനിടെ കോടതി മുറിയില്‍ മൂത്രമൊഴിച്ച് പ്രതിയായ സ്ത്രീ!! മുനമ്പം മനുഷ്യക്കടത്ത് കേസിലെ പതിനഞ്ചാം പ്രതിയായ സ്ത്രീയാണ് പറവൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പ്രതിക്കൂട്ടില്‍ നില്‍ക്കവെ മൂത്രമൊഴിച്ചത്.
നാല് വയസ്സുള്ള ഇളയ മകനെയും എടുത്ത് നിസഹായയായി നില്‍ക്കുകയായിരുന്നു അവര്‍. മൂന്ന് വനിതാ പൊലീസുകാര്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നെങ്കിലും സഹായിക്കാനായി ആരും മുന്നോട്ട് വന്നില്ല. പ്രതികളുടെ അവകാശങ്ങളും വ്യക്തമായി പാലിക്കപ്പെടണമെന്ന നിയമം നിലനില്‍ക്കവെയാണ് കോടതി മുറിയില്‍ തന്നെ ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്.
സ്ത്രീകളുടെ ശാരീരിക പ്രത്യേകതകള്‍ പരിഗണിച്ചാണ് അവരെ അറസ്റ്റ് ചെയ്യുമ്പോള്‍ വനിതാ പൊലീസ് നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് നിയമം അനുശാസിക്കുന്നത്. സുപ്രീംകോടതിയുടെ എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചുകൊണ്ടാണ് മുനമ്പം കേസിലെ പതിനഞ്ചാം പ്രതിയുടെ അറസ്റ്റ് എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മൂന്നിടത്ത് ആവര്‍ത്തിക്കുന്നുണ്ട്.
എന്നാല്‍, കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് അവരുടെ പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുള്ള സൗകര്യം പോലും ചെയ്തുകൊടുക്കാന്‍ പോലീസിന് കഴിഞ്ഞില്ലെന്നാണ് ആരോപണം. കോടതി നടപടികള്‍ക്ക് ശേഷം സ്ത്രീയെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ഇളയകുട്ടിയെയും അവര്‍ക്കൊപ്പം ജയിലിലേക്കയച്ചു.
ശൗചാലയത്തില്‍ പോകാന്‍ അധ്യാപകന്‍ അനുവദിക്കാഞ്ഞതിനെത്തുടര്‍ന്ന് പരീക്ഷാഹാളില്‍ മലമൂത്രവിസര്‍ജ്ജനം നടത്തേണ്ടി വന്ന വിദ്യാര്‍ത്ഥിയുടെ നിസ്സഹായവസ്ഥ കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുകയും ബാലാവകാശകമ്മീഷന്‍ അടക്കം വിഷയത്തില്‍ ഇടപെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഈ സംഭവം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.