ബെംഗളൂരു: ഗ്ലോബല്‍ ട്രംപ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ ടോപ് 50 എമെര്‍ജിംഗ്
ഐക്കണ്‍സ് ഓഫ് ഇന്ത്യ- മ്യൂസിക് ഐക്കണ്‍ പുരസ്‌കാരം വയനാട് മാനന്തവാടി
സ്വദേശി ഡോ. ശ്യാം സൂരജിന്. കമ്മ്യൂണിറ്റി മ്യൂസിക്കിലെ മികച്ച
സംഭാവനകള്‍ക്കാണ് പുരസ്‌കാരം. റോയല്‍ ഓര്‍ക്കിഡ് ഹോട്ടലില്‍ നടന്ന
ചടങ്ങില്‍ ഗ്രാമി പുരസ്‌കാര ജേതാവ് റിക്കി കേജില്‍ നിന്നും പുരസ്‌ക്കാരം
ഏറ്റുവാങ്ങി.
ഇന്ററാക്ടീവ് ഡ്രമ്മിംഗ് എന്ന ആശയം സംഗീതാസ്വാദകരിലേക്കെത്തിച്ച,
ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡ്രം ഇവന്റ്‌സ് ഇന്ത്യ എന്ന മ്യൂസിക്
ബാന്റിന്റെ സ്ഥാപകന്‍ കൂടിയാണ് ശ്യാം സൂരജ്. ഇന്ത്യയിലെ ആദ്യ ആഫ്രിക്കന്‍
ബാന്റായ ആഫ്രോ ദി ഏഷ്യയും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലാണ്. ഘാന,
ഐവറി കോസ്റ്റ്, കാമറൂണ്‍, കോ്ംഗോ എന്നിവിടങ്ങളില്‍ നിന്നുള്ള 6 പേരും
ശ്യാമുള്‍പ്പെടെ 2 ഇന്ത്യന്‍ സംഗീതജ്ഞരും ഉള്‍പ്പെടുന്നതാണ് ആഫ്രോ ദി ഏഷ്യ ടീം.
ഐപിഎല്‍, ഇന്ത്യന്‍ ടെന്നീസ് ലീഗ്, ഇന്തോ-ആഫ്രിക്കന്‍ സമ്മിറ്റ്, ഡല്‍ഹി
ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍,സണ്‍ബേണ്‍ തുടങ്ങി ഇന്ത്യക്കകത്തും പുറത്തുമായി
1500ഓളം വേദികളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ട്.
സൂം ഡല്‍ഹി ദിനപത്രം കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയ ഗ്ലോബല്‍ ലീഡേഴ്‌സ്
മാസ്റ്റര്‍പീസ് അവാര്‍ഡ്, കോമണ്‍വെല്‍ത്ത് യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് എന്നീ
നേട്ടങ്ങളെ കൂടാതെ ഇന്‍ഫ്‌ളുവന്‍സ് ഓഫ് സൗണ്ട് ആന്റ് റിഥം ഇന്‍ ഹുമണ്‍
ലൈഫ് എന്ന വിഷയത്തില്‍ ടെഡ്എക്‌സ് സമ്മിറ്റില്‍ പ്രഭാഷകനായും ശ്യാം
ശ്രദ്ധേയനായി.
ലോകത്തെ ഏറ്റവും വലിയ ഡ്രം സര്‍ക്കിള്‍ സംഘടിപ്പിച്ച് ലിംക ബുക് ഓഫ്
റെക്കോര്‍ഡ്, ലണ്ടന്‍ വേള്‍ഡ് റെക്കോര്‍ഡ്‌സ് എന്നിവയില്‍ ഇടംപിടിക്കാനുള്ള
ശ്രമത്തിലാണ് ഡ്രം ഈവന്റ്‌സ് ഇന്ത്യ. വളരെയധികം മത്സരം നിറഞ്ഞ
സംഗീതരംഗത്ത് ഒരു ഗ്രാമപ്രദേശത്തു നിന്നും വന്ന് ഇത്രയൊക്കെ ചെയ്യാന്‍
കഴിഞ്ഞതില്‍ ഒരുപാട് പേരുടെ സഹായം നന്ദിപൂര്‍വ്വം ഓര്‍ക്കുന്നുവെന്ന് ശ്യാം
പറഞ്ഞു. വരും മാസങ്ങളില്‍ ശ്രീലങ്ക, ആംസ്റ്റര്‍ഡാം, മലേഷ്യ എന്നിവിടങ്ങളിലും
ഫെബ്രുവരിയില്‍ വയനാട്ടില്‍ നടക്കുന്ന റോട്ടറി ഡിസ്ട്രിക്ട് കോണ്‍ഫറന്‍സില്‍
മെഗാ ഷോ അവതരിപ്പിക്കുമെന്നും ശ്യാം അറിയിച്ചു.