ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയം. അഡ്‌ലെയ്ഡില്‍ നടന്ന് ഏകദിനത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി.
സിഡ്‌നിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ആതിഥേയര്‍ക്കായിരുന്നു വിജയം. അഡ്‌ലെയ്ഡില്‍ ഷോണ്‍ മാര്‍ഷിന്റെ സെഞ്ചുറി കരുത്തില്‍ 298 റണ്‍സാണ് ഓസീസ് പടുത്തുയര്‍ത്തിയത്. എന്നാല്‍ വിരാട് കൊഹ്‌ലിയുടെ സെഞ്ചുറിയിലൂടെ (112 പന്തില്‍ 104) ഇന്ത്യ മറുപടി നല്‍കിയപ്പോള്‍ 49.2 ഓവറില്‍ ഇന്ത്യ വിജയം സ്വന്തമാക്കി.
മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ (54 പന്തില്‍ 55 ) ഇന്നിങ്‌സും നിര്‍ണായകമായി. കൊഹ്‌ലിക്ക് പുറമെ ശിഖര്‍ ധവാന്‍ (28 പന്തില്‍ 32), രോഹിത് ശര്‍മ (52 പന്തില്‍ 43), അമ്പാടി റായുഡു (24) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ദിനേശ് കാര്‍ത്തിക് (14പന്തില്‍ 25) പുറത്താവാതെ നിന്നു. ജേസണ്‍ ബെഹ്‌റന്‍ഡോര്‍ഫ്, മാര്‍കസ് സ്റ്റോയ്‌നിസ്, ഗ്ലെന്‍ മാക്സ്വെല്‍, റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ക്കാണ് വിക്കറ്റ്.
കൊഹ്‌ലിയുടെ 39ാം ഏകദിന സെഞ്ചുറിയാണിത്. അഞ്ച് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിങ്സ്. ഒന്നാം വിക്കറ്റില്‍ ധവാന്‍-രോഹിത് സഖ്യം 47 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ധവാന് മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാന്‍ സാധിച്ചില്ല. ജേസണ്‍ ബെഹ്‌റന്‍ഡോര്‍ഫിന്റെ പന്തില്‍ ഉസ്മാന്‍ ഖവാജയ്ക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.
കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറിക്കാരന്‍ രോഹിത് ശര്‍മയാവട്ടെ സ്റ്റോയ്‌നിസിന്റെ പന്തില്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപിന് ക്യാച്ച് നല്‍കി. മധ്യനിരയില്‍ റായുഡു ഒരിക്കല്‍കൂടി പരാജയമായി. മാക്സവെല്ലിന്റെ പന്തില്‍ സ്റ്റോയ്നിസിന് ക്യാച്ച് നല്‍കുകയായിരുന്നു റായുഡു.
നേരത്തെ, ഷോണ്‍ മാര്‍ഷിന്റെ (123 പന്തില്‍ 131) സെഞ്ചുറി കരുത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ വേഗത്തിലുള്ള ബാറ്റിങ്ങും ഓസീസിന്റെ ഇന്നിങ്‌സില്‍ നിര്‍ണായകമായി. 300ന് അപ്പുറമുള്ള സ്‌കോറിലേക്ക് പോകുമായിരുന്ന ഓസീസിനെ ബൗളര്‍മാര്‍ നിയന്ത്രിച്ച് നിര്‍ത്തുകയായിരുന്നു.
ഇന്ത്യക്ക് വേണ്ടി ഭുവനേശ്വര്‍ നാലും മുഹമ്മദ് ഷമി മൂന്ന് വിക്കറ്റുമെടുത്തു. രവീന്ദ്ര ജഡേജയ്ക്ക് ഒരു വിക്കറ്റുണ്ട്. ആദ്യ ഏകദിനത്തില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഖലീല്‍ അഹമ്മദിന് പകരം മുഹമ്മദ് സിറാജിനെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
123 പന്തില്‍ 11 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടുന്നതായിരുന്ന മാര്‍ഷിന്റെ ഇന്നിങ്‌സ്. സ്റ്റോയിനിസിനൊപ്പം 55 റണ്‍സും മാക്‌സ്വെല്ലിനൊപ്പം 94 റണ്‍സും മാര്‍ഷ് കൂട്ടിച്ചേര്‍ത്തു. ഏകദിന കരിയറില്‍ മാര്‍ഷിന്റെ ഏഴാം സെഞ്ചുറിയാണിത്. 37 പന്തില്‍ ഒരു സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു മാക്‌സവെല്ലിന്റ ഇന്നിങ്‌സ്. ഇരുവരേയും ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കി.
ഇവര്‍ക്ക് പുറമെ അലക്‌സ് കാരി (18), ആരോണ്‍ ഫിഞ്ച് (6), ഉസ്മാന്‍ ഖവാജ (21), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ് (20), മാര്‍കസ് സ്റ്റോയ്‌നിസ് (29), റിച്ചാര്‍ഡ്‌സണ്‍ (2) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. മധ്യനിരയും വാലറ്റവും അല്‍പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇതിലും മികച്ച സ്‌കോര്‍ ഓസീസ് നേടുമായിരുന്നു.
ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെയാണ് ഓസീസിന് ആദ്യം നഷ്ടമായത്. ഫിഞ്ചിനെ ഭുവനേശ്വര്‍ കുമാര്‍ ബൗള്‍ഡാക്കുകയായിരുന്നു. ഭുവിയെ ലോങ് ഓണിലൂടെ അതിര്‍ത്തി കടത്താനുള്ള ശ്രമത്തിനിടെ ബാറ്റില്‍ തട്ടി പന്ത സ്റ്റംപില്‍ പതിക്കുകയായിരുന്നു. 20 റണ്‍സ് മാത്രമായിരുന്നു അപ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍.
ആറ് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കാരിയെ മുഹമ്മദ് ഷമി പുറത്താക്കി. ഷമിയെ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ കാരിയെ ശിഖര്‍ ധവാന്‍ കൈയിലൊതുക്കി. നഥാന്‍ ലിയോണ്‍ (12), ബെഹ്രന്‍ഡോര്‍ഫ് (1) എന്നിവര്‍ പുറത്താവാതെ നിന്നു.
ഖവാജ രവീന്ദ്ര ജഡേജയുടെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാവുകയായിരുന്നു. ഹാന്‍ഡ്‌സ്‌കോംപ് ജഡേജയെ സ്വീപ് ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍, ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കി. സ്റ്റോയ്‌നിസ് ഷമിയുടെ പന്തില്‍ ധോണിക്ക് വിക്കറ്റ് നല്‍കി മടങ്ങി.
റിച്ചാര്‍ഡ്‌സണ്‍ ഷമിയെ ഡീപ് ബാ്‌ക്ക്വേര്‍ഡ് പോയിന്റിലൂടെ ബൗണ്ടിറി കടത്താനുള്ള ശ്രമത്തില്‍ ബൗണ്ടറി ലൈനില്‍ ധവാന് ക്യാച്ച് നല്‍കി. പീറ്റര്‍ സിഡിലിനെ ഭുവനേശ്വര്‍ കോലിയുടെ കൈകളിലെത്തിച്ചു. 10 ഓവറില്‍ 45 റണ്‍ വഴങ്ങിയാണ് ഭുവി നാല് വിക്കറ്റ് വീഴ്ത്തിയത്.
ഷമി ഇത്രയും ഓവറില്‍ 58 റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് നേടിയത്. മുഹമ്മദ് സിറാജിന്റെ ഏകദിന അരങ്ങേറ്റം ഒട്ടും നന്നായില്ല. പത്ത് ഓവര്‍ എറിഞ്ഞ താരം 76 റണ്‍സ് വിട്ടുകൊടുത്തു. മാത്രമല്ല വിക്കറ്റൊന്നും നേടാന്‍ സാധിച്ചതുമില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.