ബെംഗളൂരു: പ്രളയം നാശംവിതച്ച കുടകിൽ പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ വെള്ളിയാഴ്ച സന്ദർശനം നടത്തും. രാവിലെ കുശാൽനഗറിലെത്തുന്ന മന്ത്രി പ്രളയക്കെടുതി രൂക്ഷമായി ബാധിച്ച കുവെമ്പു ലേഔട്ട്, സായി ലേഔട്ട് എന്നിവിടങ്ങൾ സന്ദർശിച്ച് ദുരിതബാധിതരുമായി സംസാരിക്കും. തുടർന്ന് മണ്ണിടിച്ചിൽ രൂക്ഷമായിരുന്ന മടപുരയിലെത്തും. ഇവിടെനിന്ന് മടിക്കേരിയിലെത്തി ദുരിതാശ്വാസക്യാമ്പുകളിൽ സന്ദർശനം നടത്തും.
പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചശേഷം ജില്ലാ ഭരണകൂടമായും മറ്റ് ഉദ്യോഗസ്ഥരമായും കളക്ടറുടെ ഓഫീസിൽ മന്ത്രി യോഗംചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തും. കഴിഞ്ഞദിവസം ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പ കുടകിലെ അവസ്ഥ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് ബോധ്യപ്പെടുത്തിയതിനെത്തുടർന്നാണ് പ്രതിരോധമന്ത്രി സന്ദർശനത്തിനെത്തുന്നത്. കർണാടകത്തിൽ നിന്നുള്ള രാജ്യസഭാംഗമായ നിർമലാ സീതാരാമൻ പ്രളയബാധിത പ്രദേശങ്ങളിലെത്തുന്ന രണ്ടാമത്തെ കേന്ദ്രമന്ത്രിയാണ്. നേരത്തേ മന്ത്രി ഡി.വി. സദാനന്ദഗൗഡ പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു.
അതിനിടെ, മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ, കെ.പി.സി.സി. പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവു എന്നിവർ വ്യാഴാഴ്ച ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. രണ്ടുദിവസങ്ങളായി മഴകുറഞ്ഞതിനാൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വലിയ തടസ്സമില്ലാതെ നടക്കുന്നുണ്ട്. കാണാതായവർക്കായുള്ള തിരച്ചിൽ ഇപ്പോഴും പുരോഗമിക്കുകയാണ്. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും അടിഞ്ഞുകൂടിയ മാലിന്യംനീക്കുന്ന ജോലികളും തകൃതിയായി നടക്കുന്നുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിവിധ ജില്ലകളിൽനിന്ന് ഡോക്ടർമാരും ആരോഗ്യവിദഗ്ധരും കുടകിലെത്തിയിട്ടുണ്ട്.
കുടകിൽ മഴക്കെടുതിയിൽ ഇതുവരെ 16 പേർ മരിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. 4,450 പേരെ രക്ഷപ്പെടുത്തി. പ്രാഥമിക കണക്കനുസരിച്ച് 1,118 വീടുകൾ തകർന്നിട്ടുണ്ട്. ദക്ഷിണ കർണാടകത്തിൽ അഞ്ചുപേർ മരിക്കുകയും 360 വീടുകൾ തകരുകയും ചെയ്തു. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയ വളർത്തുമൃഗങ്ങളെ രക്ഷിക്കാനുള്ള ശ്രമവും നാട്ടുകാരുടെയും രക്ഷാപ്രവർത്തകരുടെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.