ബുറാഡി കേസ്: 11 പേരില്‍ പത്ത് പേരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.

ന്യൂഡല്‍ഹി: ബുറാഡിയില്‍ മരിച്ച ഒരു കുടുംബത്തിലെ 11 പേരില്‍ പത്ത് പേരുടെ അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ആത്മഹത്യ തന്നെയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുതിര്‍ന്ന അംഗം നാരായണി ദേവിയുടെ മരണ കാരണത്തില്‍ വ്യക്തതയില്ല. ഇക്കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടായി.

ജൂണ്‍ 30നാണ് ഭാട്ടിയ കുടുംബത്തിലെ 11 പേരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട 11 പേരില്‍ പത്തു പേരുടെയും മൃതദേഹം തൂങ്ങിയാടുന്ന നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം മാത്രമാണു നിലത്തുനിന്നു ലഭിച്ചത്. ഇതാകട്ടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിലായിരുന്നു.

ഭാട്ടിയ കുടുംബത്തോടു പലതരത്തില്‍ ബന്ധപ്പെട്ടിട്ടുള്ളവരുടെ ആത്മാക്കളാണു തനിക്കൊപ്പമുള്ളതെന്നാണു ലളിത് അവകാശപ്പെട്ടിരുന്നത്. ലളിതിന്‍റെ ഭാര്യ ടിനയുടെ പിതാവ് സജ്ജന്‍ സിങ്, സഹോദരി പ്രതിഭയുടെ ഭര്‍ത്താവ് ഹിര, മറ്റൊരു സഹോദരി സുജാത നാഗ്പാലിന്‍റെ ഭര്‍തൃസഹോദരങ്ങളായ ദയാനന്ദ്, ഗംഗാ ദേവി എന്നിവരുടെ ആത്മാക്കള്‍ ഒപ്പമുണ്ടെന്നായിരുന്നു വാദം. അതേസമയം, പുറത്തുനിന്നുള്ളവരുടെ മുന്നില്‍വച്ച് ഒരിക്കല്‍ പോലും പിതാവിന്‍റെ ആത്മാവ് ലളിതില്‍ സന്നിവേശിച്ചിരുന്നില്ലെന്നും കുറിപ്പിലുണ്ട്.

2017 നവംബര്‍ 11ന് എഴുതിയ കുറിപ്പില്‍ ആരോ ചെയ്ത തെറ്റാണ് അത് നേടുന്നതില്‍ നിന്നു കുടുംബത്തെ പരാജയപ്പെടുത്തുന്നതെന്ന് പറഞ്ഞിരുന്നു. ഇതെന്തിനെക്കുറിച്ചാണെന്നു വ്യക്തമായിട്ടില്ല. ആരുടെയോ തെറ്റുകൊണ്ട് എന്തോ ഒന്ന് നേടുന്നതില്‍ പരാജയപ്പെട്ടു. ഇങ്ങനെയാണെങ്കില്‍ നിങ്ങള്‍ക്ക് അടുത്ത ദീപാവലിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. മുന്നറിയിപ്പുകള്‍ അവഗണിക്കരുതെന്നും ഡയറിയില്‍ കുറിച്ചിട്ടുണ്ട്.

നാല് ആത്മാക്കള്‍ തന്നോടൊപ്പം ഇപ്പോഴുണ്ട്. നിങ്ങള്‍ സ്വയം അഭിവൃദ്ധിപ്പെട്ടെങ്കില്‍ മാത്രമേ അവ മോചിക്കപ്പെടുകയുള്ളൂ. ഹരിദ്വാറില്‍ മതപരമായ എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കുമ്പോള്‍ ഇവയ്ക്കു മോക്ഷം ലഭിക്കുമെന്നും 2015 ജൂലൈ 15ന് എഴുതിയ കുറിപ്പില്‍ പറയുന്നു.

ലളിതിന്‍റെയും ടിനയുടെയും യോഗ്യതകളെക്കുറിച്ചു പറയുന്നതിനൊപ്പം തങ്ങളെ പോലെയാവണമെന്ന് അവര്‍ കുടുംബത്തോട് ആവശ്യപ്പെടുന്നു. കൂടാതെ നിര്‍ദേശങ്ങളെല്ലാം പലവട്ടം വായിച്ചു മനസിലാക്കണമെന്നും പറയുന്നുണ്ട്. വീടുപണി മുടങ്ങിയതും പ്രിയങ്ക ഭാട്ടിയയുടെ വിവാഹം നീണ്ടുപോയതിനു കാരണമായ ജാതകദോഷത്തെക്കുറിച്ചും ഡയറിയില്‍ പറഞ്ഞിട്ടുണ്ട്. മരിച്ച ധ്രുവിന്‍റെ ഫോണ്‍ അഡിക്ഷനെക്കുറിച്ചും മറ്റുള്ളവരുമായി പെണ്‍കുട്ടി തര്‍ക്കത്തിലേര്‍പ്പെട്ടതിനെക്കുറിച്ചും ഡയറിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ 22 വര്‍ഷമായി ഡല്‍ഹിയിലെ ബുറാഡി മേഖലയില്‍ ജീവിക്കുന്നവരാണു ഭാട്ടിയ കുടുംബം. ഇവര്‍ക്ക് ഒരു പലചരക്കു കടയും പ്ലൈവുഡ് സ്റ്റോറുമുണ്ട്. പത്തു പേരുടെയും മൃതദേഹം വീടിന്‍റെ രണ്ടാം നിലയില്‍ ഇരുമ്പുഗ്രില്ലില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നു. മൃതദേഹങ്ങളുടെ കണ്ണു കെട്ടിയിരുന്നു. വായില്‍ ടേപ്പു ഒട്ടിച്ചിരുന്നു. ഇതെല്ലാം ആചാരങ്ങളുടെ ഭാഗമായിട്ടാണെന്നാണു പൊലീസ് വ്യക്തമാക്കുന്നത്. മൃതദേഹത്തിനു സമീപം വച്ചിരിക്കുന്ന കപ്പിലെ വെള്ളം നീല നിറമാകുന്നതോടെ പിതാവ് എത്തി രക്ഷപ്പെടുത്തുമെന്നും ലളിത് കുടുംബാംഗങ്ങളെ വിശ്വസിപ്പിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പട്ട് ഇരുന്നൂറിലധികം പേരെയാണ് അന്വേഷണ സംഘം ഇതുവരെ ചോദ്യം ചെയ്തത്. മരിച്ച നാരായണ്‍ ദേവിയുടെ മകനും സംഭവത്തിലെ ആസൂത്രകനെന്നു പൊലീസ് വിശദീകരിക്കുന്ന ലളിത് ഭാട്ടിയയുടെ സഹോദരനുമായ ഭുവ്‌നേഷ് കൊല്ലപ്പെട്ടതാകാമെന്നാണ് പൊലീസിന്‍റെ നിഗമനം.

മരിച്ച പ്രിയങ്കയുമായി വിവാഹം ഉറപ്പിച്ചിരുന്ന നോയിഡ സ്വദേശിയായ യുവാവിനെ മൂന്നു മണിക്കൂറിലേറെ പോലിസ് ചോദ്യം ചെയ്തു. മോക്ഷ പ്രാപ്തിക്കായുള്ള പൂജയെക്കുറിച്ച് പ്രിയങ്ക ഒരു സൂചനയും നല്‍കിയിരുന്നില്ലെന്നാണു യുവാവിന്‍റെ മൊഴി. സംഭവം നടന്ന വീട്ടില്‍നിന്നു പ്രിയങ്കയുടെ ഡയറിയും കണ്ടെടുത്തിട്ടുണ്ട്. ഡയറിയില്‍ പരാമര്‍ശിക്കപ്പെടുന്ന മറ്റൊരു യുവാവിനായും അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us