കഴിഞ്ഞ തവണ മഴവെള്ളം കയറിയ പ്രദേശങ്ങളിലെ മഴവെള്ളച്ചാലുകൾ വൃത്തിയാക്കുന്ന പ്രവൃത്തികൾ മഴയെ തുടർന്നു തടസ്സപ്പെട്ടു. തകർന്ന റോഡുകളിലെ കുഴിയടയ്ക്കലും നിർത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി കുഴിയടച്ച പ്രധാന റോഡുകളാകട്ടെ, മഴയിൽ വീണ്ടും തകരുകയും ചെയ്തു.
മഴവെള്ളകനാലുകളിലെയും അഴുക്കുചാലുകളിലെയും മാലിന്യവും തടസ്സങ്ങളും നീക്കം ചെയ്യാൻ റോബട്ടിക് എസ്കവേറ്ററുകൾ നഗരത്തിലെത്തുന്നു. ഇത്തരത്തിലുള്ള എട്ട് എസ്കവേറ്ററുകളാണ് ആദ്യഘട്ടത്തിൽ ബിബിഎംപി വാങ്ങുന്നതെന്നു ബെംഗളൂരു നഗരവികസനമന്ത്രി കെ.ജെ.ജോർജ് പറഞ്ഞു. ഇതിനായി രണ്ടു കോടി രൂപ വകയിരുത്തി.
വീതികുറഞ്ഞ ഭാഗങ്ങളിൽ സാധാരണ എസ്കവേറ്ററുകൾ പ്രായോഗികമാകാത്ത സാഹചര്യത്തിൽ റോബട്ടിക് യന്ത്രങ്ങൾ അനായാസം പ്രവർത്തിപ്പിക്കാം. ചെന്നൈയിൽ ഇതു വിജയകരമായ സാഹചര്യത്തിലാണ് ഇവിടെയും എത്തിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം നന്ദഗോകുല ലേഔട്ടിലെ മഴവെള്ളക്കനാൽ ശുചീകരണത്തിന് ഇതുപയോഗിച്ചിരുന്നു.
ഉത്തരകന്നഡ ജില്ലയിലെ കാർവാറിനു സമീപം നാഗർമാഡി വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് ആറു യുവാക്കളെ കാണാതായി. ഇവരിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്കു കനത്ത മഴയ്ക്കിടെയാണ് സംഭവം. വെള്ളച്ചാട്ടത്തിനു താഴെ കുളിക്കാനിറങ്ങിയതായിരുന്നു ഗോവയിലെ മഡ്ഗാവിൽ നിന്നെത്തിയ സംഘം.