ആം ആദ്മി പാർട്ടിയുടെ ജനനവും ഇന്ത്യയിലെ മലീമസമായ രാഷ്ട്രീയാവസ്ഥയിൽ ആ പാർട്ടിയുടെ പ്രസക്തിയും അറിയാവുന്ന ബാംഗ്ലൂർ മലയാളികളുടെ പത്രത്തിൽ ആ പാർട്ടിയെപ്പറ്റി ബി.ജെ.പി ക്കാരൻ എഴുതുന്ന ‘നേർക്കാഴ്ചകൾ ‘ തമാശ മാത്രമേ ജനിപ്പിക്കൂ . ഐ.ടി.മേഖലയിലും മൾട്ടി നാഷണൽ കമ്പനികളിലും ജോലി ചെയ്യുന്ന ഭൂരിഭാഗം മലയാളികൾക്കും ആം ആദ്മി പാർട്ടിയെക്കുറിച്ചും അതിനെ ഞെരിച്ചു കൊല്ലാൻ വേണ്ടി ബി.ജെ.പി നടത്തിയ , നടത്തുന്ന , ശ്രമങ്ങളെ പറ്റി വ്യക്തമായൊരു ചിത്രമുണ്ട് .
അതിനു പുറമെ ബി.ജെ.പി എന്ന പാർട്ടിയുടെയും അതിന്റെ ഭാവി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെയും കർണ്ണാടകയിൽ ജീവിക്കുന്ന മലയാളികൾക്ക് മറ്റാരും പരിചയപ്പെടുത്തി കൊടുക്കേണ്ടതില്ല . കാരണം ആ ‘മഹാത്മാവ് ‘ ഇതിനു മുൻപും ഏറെക്കാലം അവിടെ ഭരണം നടത്തിയിട്ടുണ്ട്. ബംഗളൂരുവിലും ഷിമോഗയിലും സർക്കാർ ഭൂമി കയ്യേറിയതിന്റേയും ബെല്ലാരി, തുംകൂർ , ചിത്രദുർഗ്ഗാ ജില്ലകളിൽ കോടികൾ കോഴ വാങ്ങി അനധികൃത ഖനനത്തിന് ഭൂമി പതിച്ചു കൊടുത്തതിന്റെയും പേരിൽ പാർട്ടിയുടെ കേന്ദ്ര നേതൃത്വം അദ്ദേഹത്തെ രാജി വെപ്പിച്ചതാണ് . തുടർന്ന് എം.എൽ.എ സ്ഥാനം രാജി വെക്കുകയും കർണ്ണാടക ജനതാ പക്ഷമെന്ന പേരിൽ പുതിയ പാർട്ടിയുണ്ടാക്കി ബി.ജെ.പിക്കെതിരിൽ മത്സരിക്കുകയും ചെയ്ത ഭൂതകാലം അവിടെ ജീവിക്കുന്ന മലയാളികൾക്ക് പച്ചവെള്ളം പോലെ അറിയാം..
അതേ യെദിയൂരപ്പക്ക് പാർട്ടി കീഴടങ്ങി ! ഷിമോഗയിൽ അദ്ദേഹത്തെ പാർലിമെന്റ് സ്ഥാനാർത്ഥിയാക്കി മത്സരിപ്പിച്ചു . മോദിയെ അധികാരത്തിൽ എത്തിക്കാനായി മാത്രമാണ് പാർട്ടി എല്ലാ മൂല്യങ്ങളും ബലി കഴിച്ചത് . അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യെദിയൂരപ്പയെ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുമ്പോൾ കണ്ടു നിൽക്കുന്നവർക്ക് പോലും ലജ്ജതോന്നും .ബി.ജെ.പി ക്കാർക്ക് പക്ഷെ ലജ്ജയെന്നൊരു വികാരമില്ലല്ലോ .
അണ്ണാ ഹസാരയുടെ ”INDIA AGAINST CORRUPTION ” മൂവ്മെന്റിലൂടെയാണ് ഖെജ്രിവാൾ തന്റെ പോരാട്ടം തുടങ്ങിയത് .തുടക്കത്തിൽ അദ്ദേഹത്തോടൊപ്പം വി.കെ..സിങ് . കിരൺ ബേദി , പ്രശാന്ത് ഭൂഷൺ ഒക്കെയുണ്ടായിരുന്നു .(രാംദേവ് പോലും രാംലീലാ മൈതാനത്തെ വേദി പങ്കിടാനെത്തിയിരുന്നല്ലോ ) . അവരൊക്കെ ഇപ്പോൾ എത്തിയ ഇടം തന്നെയാണ് AAP യുടെ ഉത്ഭവത്തിനുള്ള പ്രസക്തിയും ..
.”അണ്ണാ ഹസാരെയെ പാതി വഴിക്കു ഉപേക്ഷിച്ചു ഖെജ്രിവാൾ കാലു മാറിയെന്നു ” ആക്ഷേപിക്കുന്നത് ബി.ജെ.പി യാണ് ! ആ .പ്രസ്ഥാനത്തിൽ ബി.ജെ.പി ദല്ലാളുമാരെ നേരത്തെ തിരിച്ചറിഞ്ഞു എന്നതാണ് ഖേജ്രിവാളിന്റെയും സഹപ്രവർത്തകരുടെയും നേട്ടം..
ആം ആദ്മി പാർട്ടിക്കു രൂപം കൊടുക്കുകയും ഡൽഹിയിൽ ആധികാരിക വിജയം നേടുകയും ചെയ്തതോടെ പാർട്ടിയെ ഡൽഹിയുടെ അതിരുകൾക്കുള്ളിൽ തളച്ചിടാനായി ബി.ജെ.പി യുടെ അടുത്ത നീക്കം. അതിനു ഒത്താശ ചെയ്യാൻ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും നിമിത്തമാവുകയാണെന്നു മനസ്സിലായപ്പോൾ അവരും വഴി പിരിയേണ്ടി വന്നത് ചരിത്ര നിയോഗം ..
എന്തൊക്കെ അൽപ്പത്തരങ്ങളാണ് ദില്ലി സർക്കാരിനും ജനപ്രതിനിധികൾക്കും എതിരിൽ അരങ്ങേറുന്നതെന്നു വീക്ഷിക്കുമ്പോൾ അറിയാം ബി.ജെ.പി എത്രകണ്ട് ഈ കൊച്ചു പാർട്ടിയെ ഭയക്കുന്നുവെന്നു ..ഡൽഹി ജനത മഹാഭൂരിപക്ഷം നൽകി അധികാരത്തിൽ എത്തിച്ച സർക്കാരിനോടുള്ള യുദ്ധം അവർ നിശ്ശബ്‌ദം സഹിക്കുന്നത് ആം ആദ്മി പാർട്ടി സംസ്കാരം മറ്റെല്ലാ പാർട്ടികളിൽ നിന്നും വ്യത്യസ്തമായത് കൊണ്ടാണ് .
പക്ഷെ പഞ്ചാബി ജനത ക്ഷമാശീലരായി എല്ലാം ഏറ്റു വാങ്ങുമെന്ന പ്രതീക്ഷ തെറ്റിയെന്ന് വരാം . പഞ്ചാബിന്റെയും പഞ്ചാബികളുടെയും മുൻകാല ചരിത്രം പഠിച്ചവർക്ക് അറിയാം , മറ്റൊരു അലി ജങ്ങിന്റെ അരിയിട്ടു വാഴ്ച്ച അവർ സമ്മതിച്ചു കൊടുത്തെന്നു വരില്ല .
ഒരു പാട് വർഷങ്ങളായി ഉന്നതങ്ങളുടെ ഒത്താശയോടെ നടക്കുന്ന മയക്കുമരുന്ന് ലോബികളുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് വരും തലമുറയെയെങ്കിലും രക്ഷിക്കണമെന്ന് അവർക്കു നിർബന്ധമുണ്ട് . പ്രതീക്ഷയോടെ , പ്രത്യാശയോടെ അവർ ആം ആദ്മി പാർട്ടിയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് .
‘നേർക്കാഴ്ചയിൽ ‘ എന്റെ സുഹൃത്ത് ആം ആദ്മി സംസ്ഥാന നേതാവിനെ സ്റ്റിങ് ഓപ്പറേഷനിലൂടെ അഴിമതിക്കാരാണെന്നു കണ്ടെത്തിയതിന്റെ ആഹ്ലാദം പങ്കു വെച്ചല്ലോ . അദ്ദേഹം കുറിച്ച ലിങ്കിൽ തന്നെ പറഞ്ഞിട്ടുണ്ട് , അത് പാർട്ടി പ്രവർത്തകർ തന്നെ ഏർപ്പാട് ചെയ്ത ഒളി ക്യാമറ ഓപ്പറേഷൻ ആയിരുന്നെന്നു. നവ്‌ജ്യോത് സിധുവിനെപ്പോലെയുള്ള സെലിബ്രിറ്റികളുടെ ഓഫറുകൾ ആ പാർട്ടി വേണ്ടെന്നു വെച്ചതും ഇതിനോട് ചേർത്ത് വായിക്കുക .അത്തരം കള്ളാ നാണയങ്ങളെ AAP ക്കു വേണ്ട .
അഴിമതിക്കാരാണെന്നതിന്റെ പേരിൽ പാർട്ടി തന്നെ പുറത്താക്കിയ ആളുടെ പാദപൂജ ചെയ്യുന്ന ,. മറ്റു പാർട്ടികളുടെ എം.എൽ.എ മാരെ കാലു മാറ്റി മന്ത്രിസഭയുണ്ടാക്കാൻ നടക്കുന്ന ,, അതിന്റെ പേരിൽ പലവട്ടം അത്യുന്നത നീതിപീഠത്തിന്റെ ആക്ഷേപം ഏറ്റു വാങ്ങിയ ബി.ജെ.പിക്കാർക്കു AAP വിഭാവനം ചെയ്യുന്ന മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ ‘മൂല്യം ‘ മനസ്സിലാവില്ല . പിന്നെ നിങ്ങൾ എഴുതി വിടുന്ന ഓരോ കള്ളങ്ങളും aap സർക്കാരിനെ ഡൽഹിയിൽ കൈകാര്യം ചെയ്യുന്ന വിധവും …കാത്തിരുന്നോളൂ അതിന്റെ തിരിച്ചടികളെ , വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളിലൂടെ .