ചെന്നൈ: കാണാതായ വ്യോമസേനയുടെ എഎൻ 32 വിമാനം വിശാഖപട്ടണത്തിനു സമീപമുള്ള വനത്തിനുള്ളിൽ തകർന്ന് വീണുവെന്ന് അഭ്യൂഹം. നാഥാവരം മണ്ഡലിന് സമീപത്തെ സുരുഗുഡു റിസർവ് വന മേഖലയിലെ ആദിവാസികളിലാരോ വിമാനം തകർന്ന് വീഴുന്നത് കണ്ടുവെന്ന് വെളിപ്പെടുത്തിയതിനെ തുടർന്നാണ് കേന്ദ്ര ഏജൻസികൾ ഇത്തരത്തിൽ സംശയം പ്രകടിപ്പിച്ചത്.
വിമാനം കാണാതായ ദിവസം വനത്തിനുള്ളിൽ നിന്നും അത്യുഗ്രമായ സ്ഫോടന ശബ്ദം തങ്ങൾ കേട്ടുവെന്ന് ആദിവാസികൾ മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴികളുടെ പശ്ചാത്തലത്തിൽ വനത്തിനുള്ളിലേക്ക് അന്വേഷണ സംഘം തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. രണ്ട് സംഘങ്ങളായിട്ടുള്ള ഇവർക്കൊപ്പം വനത്തെ നന്നായി അറിയാവുന്ന ആദിവാസികളും കൂടെയുണ്ട്.
ഇതിനിടെ കാണാതായ വ്യോമസേന ഉദ്യോഗസ്ഥനായ രഘുവീർ വർമ്മയുടെ ഫോൺ റിങ് ചെയ്തതായി ബന്ധുക്കൾ പറഞ്ഞിരുന്നു. ഇപ്പോഴും നാവിക, വ്യോമ സേന വിമാനത്തിനായി ബംഗാൾ ഉൾക്കടലിൽ തിരച്ചിൽ തുടരുകയാണ്.
ജൂലൈ 22ന് വെള്ളിയാഴ്ച രാവിലെ എട്ടിനാണ് 29 യാത്രക്കാരുമായി ചെന്നൈയിലെ താംബരത്ത് നിന്നും പോർട്ട് ബ്ലയറിലേക്ക് പുറപ്പെട്ട ഇന്ത്യൻ വ്യോമസേനയുടെ എ.എൻ32 വിമാനം കാണാതായത്.
കര, നാവിക, തീരസംരക്ഷണ സേനകളിലെ ഒാരോ അംഗങ്ങളും അഞ്ച് വ്യോമസേനാ ഉദ്യോഗസ്ഥരും എട്ട് സിവിലിയൻമാരും ആറ് ജീവനക്കാരുമാണ് കാണാതായ വിമാനത്തിലുണ്ടായിരുന്നത്. റഡാറിൽ നിന്ന് അപ്രത്യക്ഷമാകുമ്പോൾ വിമാനം 23,000 അടി ഉയരത്തിലായിരുന്നുവെന്ന് പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.