ബെംഗളൂരു: ലോകപ്രശസ്തമായ മൈസൂരു ദസറ മഹോത്സവത്തിന്റെ ചരിത്രത്തിൽ ആദ്യമായി തീരദേശ കർണാടകയുടെ അഭിമാനമായ നാടോടി കായിക വിനോദമായ ‘കമ്പള’യ്ക്ക് തുടക്കമായി. ദേശീയോത്സവത്തിന് കൂടുതൽ ആകർഷണീയത നൽകിക്കൊണ്ടാണ് ജില്ലാ ഭരണകൂടം ഇത്തവണ ദസറയോടനുബന്ധിച്ച് കമ്പള ഗെയിംസ് സംഘടിപ്പിച്ചത്. സതഗള്ളിയിലെ വി.ടി.യു കോളേജിന് സമീപം ഒരുക്കിയ വേദിയിൽ ജില്ലാ ചുമതലയുള്ള മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.
തുടക്കത്തിൽ നിരവധി എതിർപ്പുകൾ ഉയർന്നു വന്നെങ്കിലും, മൈസൂരിൽ ആദ്യമായി അവതരിപ്പിച്ച കമ്പള മത്സരത്തിന് ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആർപ്പുവിളികളും കരഘോഷങ്ങളും വിസിലുകളുമായി ആയിരക്കണക്കിന് കാണികളാണ് കമ്പള ഓട്ടക്കാരെ ആവേശത്തോടെ പ്രോത്സാഹിപ്പിക്കാൻ എത്തിയത്. ആകെ ആറ് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ 150 ജോഡി കാളകളും ഓട്ടക്കാരും മാറ്റുരച്ചു. തിങ്കളാഴ്ച രാവിലെ വരെ തുടർച്ചയായി നീണ്ടുനിന്ന മത്സരങ്ങൾ കാണാനും കായികതാരങ്ങളെ അഭിനന്ദിക്കാനും വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്.
ഇരുപത് ഏക്കർ വിസ്തൃതിയുള്ള വിശാലമായ സ്ഥലത്താണ് ചരിത്രപ്രസിദ്ധമായ ഈ മത്സരം സംഘടിപ്പിച്ചത്. സാംസ്കാരിക നഗരമായ മൈസൂരിൽ തികച്ചും പുതിയൊരു അനുഭവമാണ് ഇത് കാഴ്ചക്കാർക്ക് സമ്മാനിച്ചത്. മൈസൂർ ദസറയോടൊപ്പം തീരദേശ കർണാടകയുടെയും മൈസൂർ മേഖലയുടെയും സംസ്കാരങ്ങളുടെ മനോഹരമായ സംയോജനത്തിനാണ് ഇത്തവണത്തെ ഉത്സവം വേദിയായത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]