“വിവാഹനിശ്ചയം കഴിഞ്ഞ രാത്രി കാമുകി ഒരുക്കിയ കൊടുംചതി; റിങ് റോഡ് ശുഭയുടെ ദയാഹർജി മന്ത്രിസഭ തള്ളി; കേസിന്റെ വിശദാംശങ്ങൾ ഇതാ

ബെംഗളൂരു: കർണാടകത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച റിങ് റോഡ് ശുഭ കേസ് വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നു. 2003-ൽ ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ച ഈ കേസിലെ പ്രതികളായ ശുഭ ശങ്കരനാരായണനും ഡി. അരുൺ വർമ്മയും സമർപ്പിച്ച ദയാഹർജി കർണാടക മന്ത്രിസഭ തള്ളി. പ്രതിശ്രുത വരൻ ഗിരീഷിന്റെ കൊലപാതകക്കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്നവരാണ് ഇരുവരും. ഗവർണർക്ക് മുന്നിൽ സമർപ്പിച്ച ദയാഹർജി ഒക്ടോബർ 15-ന് ചേർന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യുകയും തുടർന്ന് തള്ളിക്കളയാൻ തീരുമാനിക്കുകയുമായിരുന്നു.

മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ശുഭ ശങ്കറിന്റെയും കൂട്ടുപ്രതിയുടെയും ദയാഹർജി നിയമപരമായ ചട്ടക്കൂടിൽ ഉൾപ്പെടുന്നില്ലെന്നും, ഹർജി തള്ളിയ വിവരം ഗവർണറെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തിലേക്ക് അഡ്വക്കേറ്റ് ജനറൽ ശശികരൺ ഷെട്ടിയെ വിളിച്ചുവരുത്തി കേസിന്റെ വിശദാംശങ്ങൾ ശേഖരിച്ച ശേഷമാണ് മന്ത്രിസഭ നിർണ്ണായക തീരുമാനം എടുത്തത്.

എന്താണ് റിങ് റോഡ് കേസ്?

2003-ൽ ബാംഗ്ലൂരിലെ റിംഗ് റോഡിൽ നടന്ന ഗിരീഷ് കൊലപാതക കേസ് സംസ്ഥാനത്ത് വ്യാപകമായ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഗിരീഷും ശുഭ ശങ്കരനാരായണയും തമ്മിൽ വിവാഹനിശ്ചയം കഴിഞ്ഞിരുന്നവരാണ്. രണ്ട് കുടുംബങ്ങൾക്കും പരസ്പരം സുപരിചിതമായ ബന്ധമായിരുന്നു ഉണ്ടായിരുന്നത്. ഗിരീഷ് ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നപ്പോൾ, ശുഭ നിയമ ബിരുദത്തിന് പഠിക്കുകയായിരുന്നു. 2003 നവംബർ 30-ന് ഇരുവരുടെയും വിവാഹനിശ്ചയം നടന്നു. എന്നാൽ, ഇതിനുശേഷമുണ്ടായ അന്വേഷണത്തിലാണ് ശുഭ തന്റെ കോളേജിലെ ജൂനിയർ വിദ്യാർത്ഥിയായ അരുൺ വർമ്മയുമായി പ്രണയത്തിലാണെന്ന വിവരം പുറത്തുവരുന്നത്.

അരുണിനെ വിവാഹം കഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശുഭ തന്റെ പ്രതിശ്രുത വരനായ ഗിരീഷിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്. ഇതിന്റെ ഭാഗമായി 2003 ഡിസംബർ 3-ന് രാത്രി ഗിരീഷ് ശുഭയെ അത്താഴത്തിന് കൊണ്ടുപോയി. തുടർന്ന്, എച്ച്എഎൽ വിമാനത്താവളത്തിന് സമീപമുള്ള വിമാനങ്ങൾ കാണാനുള്ള ആഗ്രഹം ശുഭ പ്രകടിപ്പിച്ചതിനെ തുടർന്ന്, ഗിരീഷ് അവളെ റിങ് റോഡിലെ ഒരു വ്യൂവിംഗ് പോയിന്റിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇരുവരും വിമാനങ്ങൾ വീക്ഷിച്ചുകൊണ്ടിരുന്ന സമയത്താണ് ഗിരീഷ് ക്രൂരമായി ആക്രമിക്കപ്പെട്ടത്.

ബൈക്കിന്റെ ഷോക്ക് അബ്സോർബർ ഉപയോഗിച്ച് ഗിരീഷിന്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങി. അന്നത്തെ വിവേക്നഗർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ കെ.എ. നാനയ്യയാണ് ഈ കേസ് അന്വേഷിച്ചത്. തുടക്കത്തിൽ ഇതൊരു കവർച്ചാശ്രമമോ അജ്ഞാതരുടെ ആക്രമണമോ ആയി ചിത്രീകരിക്കാൻ ശ്രമം നടന്നെങ്കിലും, മൊബൈൽ കോളുകളുടെ വിശദാംശങ്ങളും പോലീസിന്റെ കർശനമായ ചോദ്യം ചെയ്യലുകളും കേസിൽ നിർണ്ണായക വഴിത്തിരിവായി. ശുഭയുടെ രഹസ്യ പ്രണയവും കൊലപാതക ഗൂഢാലോചനയും അങ്ങനെയാണ് പുറത്തുവന്നത്.

ഈ കൊലപാതകത്തിൽ മുഖ്യ സൂത്രധാരയായ ശുഭ, കാമുകൻ അരുൺ വർമ്മ, കൊലപാതകത്തിൽ പങ്കാളികളായ വെങ്കിടേഷ്, ദിനേശ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വിചാരണയ്ക്ക് ശേഷം കോടതി നാലുപേരെയും കുറ്റക്കാരായി കണ്ടെത്തുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു.

നിയമപരമായ അവസാന വഴികളും അടഞ്ഞു

കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലുകൾ പരിഗണിച്ച സുപ്രീം കോടതി, നാലുപേരുടെയും ജീവപര്യന്തം തടവ് ശിക്ഷ ശരിവെച്ചുകൊണ്ട് 2025 ജൂലൈയിൽ അന്തിമ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കോടതിയുടെ നിയമപരമായ എല്ലാ വാതിലുകളും അടഞ്ഞതിനെ തുടർന്നാണ് പ്രതികൾ ഗവർണറുടെ മുമ്പാകെ ദയാഹർജി സമർപ്പിച്ചത്. ചട്ടപ്രകാരം ഗവർണർ ഈ ഹർജി സർക്കാരിന്റെ പരിഗണനയ്ക്ക് അയച്ചെങ്കിലും, മന്ത്രിസഭ അത് പൂർണ്ണമായി തള്ളിക്കളയുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts