900 കോടിയുടെ കൂറ്റൻ പദ്ധതിക്കെതിരെ മനുഷ്യച്ചങ്ങല; ഇന്ദിരാനഗറിലെ പ്രതിഷേധത്തിന് പിന്നിൽ

ബെംഗളൂരു: ഓൾഡ് മദ്രാസ് റോഡ്, ഇന്ദിരാനഗർ, മടിവാള എന്നിവയെ ബന്ധിപ്പിച്ച് നിർമ്മിക്കാൻ പദ്ധതിയിടുന്ന 900 കോടിയുടെ മേൽപ്പാലം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരുവിൽ വൻ ജനകീയ പ്രതിഷേധം. ഇന്ദിരാനഗറിലെ 80 ഫീറ്റ്, 100 ഫീറ്റ് റോഡുകളിൽ ഞായറാഴ്ച യുവാക്കൾ അടക്കമുള്ള നൂറുകണക്കിന് പ്രദേശവാസികൾ അണിനിരന്ന് കൂറ്റൻ മനുഷ്യച്ചങ്ങല തീർത്തു. മേൽപ്പാലം നിർമ്മിക്കുന്നത് പ്രദേശത്തെ ഗതാഗതക്കുരുക്ക് കൂട്ടുമെന്നും മരങ്ങളും പച്ചപ്പും നശിപ്പിക്കുമെന്നും പരിസരവാസികൾ ആരോപിച്ചു.

നിയമപരമായ പ്രശ്നങ്ങൾ, തകരാറുള്ളതും വ്യാജമായി തയ്യാറാക്കിയതുമായ വിശദ പദ്ധതി റിപ്പോർട്ട് (DPR) എന്നിവയുണ്ടായിട്ടും സർക്കാർ മുന്നോട്ട് പോകുന്നതിനെതിരെയാണ് നാട്ടുകാർ ശക്തമായ പ്രചാരണം ആരംഭിച്ചത്. പുതിയതായി വൈറ്റ്-ടോപ്പ് ചെയ്ത റോഡുകളെയും പൊതുസ്ഥലങ്ങളെയും ഇത് ദോഷകരമായി ബാധിക്കും. എലിവേറ്റഡ് കോറിഡോർ പദ്ധതികളുടെ ടെൻഡറുകൾ റദ്ദാക്കണമെന്നും, ഐ.ഐ.എസ്.സി (IISc) നിർദ്ദേശിക്കുന്ന സുസ്ഥിര ഗതാഗത പദ്ധതികൾക്ക് ഫണ്ട് മാറ്റിവെക്കണമെന്നും, ബി-സ്മൈൽ (B-SMILE) പിരിച്ചുവിട്ട് ബി.എം.എൽ.ടി.എ (BMLTA) പുനഃസ്ഥാപിച്ച് സുസ്ഥിരമായ ഗതാഗത പരിഹാരങ്ങൾ കാണണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. മേൽപ്പാലങ്ങൾക്ക് പകരം പൊതുഗതാഗതം ശക്തിപ്പെടുത്തുകയാണ് വേണമെന്ന് പ്രദേശവാസിയായ വരുൺ മുന്ദ്കുർ ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെട്ടു.

അതേസമയം, നിർദ്ദിഷ്ട മേൽപ്പാലം പ്രദേശത്തെ പുരാതനമായ റിസെക്ഷൻ പള്ളിയുടെ വസ്തുവിനെയും മാതാവിന്റെ ഗീതാശ്രമത്തെയും (Grotto) ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ഇതോടെ പള്ളിയിലെ ഇടവകാംഗങ്ങളും ഡൊമിനിക്കൻ സിസ്റ്റേഴ്സ്, സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കോൺവെന്റുകളിലെ കന്യാസ്ത്രീകളും വികാരി ഫാ. അമർനാഥ് ദിനേഷ് റോയിയുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങലയിൽ പങ്കാളികളായി. കൂടാതെ, ചിന്മയ മിഷൻ ആശുപത്രിക്ക് മുന്നിലെ കൂറ്റൻ പേരാൽ, ക്ഷേത്രം എന്നിവയ്ക്കും പദ്ധതി ഭീഷണിയാകുമെന്ന് നാട്ടുകാർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts