ഭൂമി ഏറ്റെടുക്കൽ പൂർത്തിയാകും വരെ കാത്തിരിക്കേണ്ട; നിർമാണത്തിലുള്ള റോഡുകൾ ഗതാഗതയോഗ്യമാക്കാൻ കൃഷ്ണ ബൈരഗൗഡയുടെ നിർദേശം

ബെംഗളൂരു: ദൊമ്മസന്ദ്രയ്ക്കും വർത്തൂരിനുമിടയിലുള്ള റോഡ് വികസനം ഭൂമി ഏറ്റെടുക്കൽ വൈകുന്നതിന്റെ പേരിൽ തടസ്സപ്പെടുത്തിയിടുന്നതിനെതിരെ കർശന നിലപാടുമായി ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരഗൗഡ. നിലവിൽ ലഭ്യമായ സ്ഥലം ഉപയോഗിച്ച് റോഡുകൾ അടിയന്തരമായി ഗതാഗതയോഗ്യമാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സർജാപ്പൂർ റോഡ്-ദൊമ്മസന്ദ്ര-ഗഞ്ചൂർ-വർത്തൂർ-ബലഗെരെ കോറിഡോർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തവെയാണ് ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി രോഷാകുലനായത്.

ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകുന്നതുവരെ കാത്തുനിൽക്കാതെ, ലഭ്യമായ സ്ഥലങ്ങളിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും മെറ്റൽ പാകി റോഡുകൾ അടിയന്തരമായി സഞ്ചാരയോഗ്യമാക്കാനും കർണാടക റോഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ (KRDCL) ഉദ്യോഗസ്ഥരോട് മന്ത്രി ആവശ്യപ്പെട്ടു. വർത്തൂർ തടാകക്കരയിലെ റോഡ് വികസനത്തിന് ആവശ്യത്തിന് സ്ഥലമുള്ളപ്പോൾ വീണ്ടും ഭൂമി ഏറ്റെടുക്കാൻ ശ്രമിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

ഗഞ്ചൂർ-ദൊമ്മസന്ദ്ര പാതയോരത്തെ കയ്യേറ്റങ്ങൾ നീക്കം ചെയ്യാത്തതിൽ ഉദ്യോഗസ്ഥരെ മന്ത്രി രൂക്ഷമായി വിമർശിച്ചു. എട്ടടിയോളം സ്ഥലം പല സ്ഥാപനങ്ങളും അനധികൃതമായി കയ്യേറിയിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും, ഉദ്യോഗസ്ഥരുടെ വീഴ്ച കാരണം സാധാരണക്കാർ എത്രനാൾ ഗതാഗതക്കുരുക്കിൽ ദുരിതമനുഭവിക്കുമെന്നും അദ്ദേഹം ചോദിച്ചു. സർക്കാർ ഭൂമിയിലെ കയ്യേറ്റങ്ങൾ നിയമപരമായി ഉടൻ ഒഴിപ്പിക്കാനും റോഡ് വികസനത്തിനാവശ്യമായ സ്ഥലം കണ്ടെത്താനും നിർദേശം നൽകി.

റോഡുകളിലെ കുഴികൾ അടയ്ക്കൽ, റോഡരികിലെ ഗർത്തങ്ങളും ചെളിയും നീക്കം ചെയ്യൽ, വെള്ളക്കെട്ടും ഓടകളിലെ പ്രശ്നങ്ങളും പരിഹരിക്കൽ തുടങ്ങിയ ജോലികൾ അടിയന്തരമായി തീർപ്പാക്കണം. ഗതാഗതത്തിന് തടസ്സമായി നിൽക്കുന്ന ബെസ്കോം (Bescom) ട്രാൻസ്‌ഫോർമറുകളും പോസ്റ്റുകളും മാറ്റിസ്ഥാപിക്കാനും അദ്ദേഹം ഉത്തരവിട്ടു. ഭാവിയിൽ മെട്രോ, എലിവേറ്റഡ് റോഡ് പദ്ധതികൾ വരുമ്പോൾ വീണ്ടും റോഡുകൾ വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ പരസ്പര സഹകരണത്തോടെ പ്രവർത്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts