ബെംഗളൂരു: ബെംഗളൂരു നഗരത്തിലും പരിസരപ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു. കഴിഞ്ഞ രണ്ടോ മൂന്നോ ദിവസമായി തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളില്‍ പെയ്യുന്ന നിർത്താതെയുള്ള മഴയെത്തുടര്‍ന്ന് നഗരത്തിലെ സാധാരണ ജീവിതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു.
ശാന്തിനഗര്‍, റിച്ച്മണ്ട് സര്‍ക്കിള്‍, കോര്‍പ്പറേഷന്‍, മജസ്റ്റിക്, കെ.ആർ. മാര്‍ക്കറ്റ്, ചാമരാജ്പേട്ട്, മല്ലേശ്വരം തുടങ്ങി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ നഗരത്തിലെ പ്രധാന റോഡുകളെല്ലാം പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. തടാകങ്ങള്‍ക്ക് സമാനമായ രീതിയിലാണ് പലയിടത്തും റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്.
റോഡുകള്‍ മുങ്ങിയതോടെ വാഹനമോടിക്കുന്നവരും കാല്‍നടയാത്രക്കാരും കടുത്ത ബുദ്ധിമുട്ടിലാണ്. പല പ്രധാന പാതകളിലും ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. മഴ വരും മണിക്കൂറുകളിലും തുടരാന്‍ സാധ്യതയുള്ളതിനാല്‍ നഗരവാസികളോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
