ന​ഗരത്തിലെ പൊതു പാർക്കുകൾ കുട്ടികൾക്ക് സുരക്ഷിതമോ? ആശങ്ക ഉയർത്തി കബ്ബൺ പാർക്കിലെ സംഭവം

ബെംഗളൂരു: കുട്ടികളെ ഒറ്റയ്ക്ക് പൊതു പാർക്കുകളിലേക്ക് അയക്കാൻ കഴിയുമോ എന്ന ചോദ്യം നഗരവാസികളായ മാതാപിതാക്കൾക്കിടയിൽ വീണ്ടും വലിയ ചർച്ചയാകുന്നു. ബെംഗളൂരുവിലെ പ്രശസ്തമായ കബ്ബൺ പാർക്കിൽ കഴിഞ്ഞ ആഴ്ച നടന്ന ഒരു അപമര്യാദപരമായ സംഭവമാണ് പൊതുസ്ഥലങ്ങളിലെ സുരക്ഷയെക്കുറിച്ചുള്ള ഭയം വീണ്ടും വർദ്ധിപ്പിച്ചത്. പാർക്കിലെ മുളങ്കാടുകൾക്ക് സമീപം ദമ്പതികൾക്ക് മുന്നിൽ വസ്ത്രം അഴിച്ച് അശ്ലീല പ്രദർശനം നടത്തിയയാളെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ഈ സംഭവത്തിൽ മുതിർന്നവരാണ് ഇരയായതെങ്കിലും, ധാരാളം കുട്ടികൾ എത്തുന്ന പാർക്കിൽ ഇത്തരക്കാരുടെ സാന്നിധ്യം വലിയ ആശങ്ക ഉണർത്തുന്നുണ്ട്.

ഭയപ്പെടുത്തുന്ന അനുഭവങ്ങളുമായി പെൺകുട്ടികൾ

പാർക്കുകളിലും പൊതുസ്ഥലങ്ങളിലും വച്ച് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ പല കുട്ടികളുടെയും ജീവിതത്തിൽ മായാത്ത ആഘാതമാണ് ഉണ്ടാക്കുന്നത്. യെലഹങ്കയിലെ പാർക്കിൽ വച്ച് ലഹരിയിലായിരുന്നൊരാൾ അശ്ലീല പ്രദർശനം നടത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവം ഹൈസ്കൂൾ വിദ്യാർത്ഥിനിയായ റിയ ഓർക്കുന്നു. ആറാം വയസ്സിൽ ലാൽബാഗ് സന്ദർശനത്തിനിടെ കണ്ട അസ്വസ്ഥജനകമായ കാഴ്ച നൽകിയ ഭയം 12 കാരിയായ മറ്റൊരു പെൺകുട്ടി പങ്കുവെക്കുന്നു. ഇത്തരം സംഭവങ്ങൾ കുട്ടികളിൽ വലിയ ഭയവും കുറ്റബോധവും ഉണ്ടാക്കാറുണ്ടെന്നും, അതിനാൽ കുറ്റപ്പെടുത്തലുകൾക്ക് പകരം അവർക്ക് മാനസിക പിന്തുണ നൽകുകയാണ് മാതാപിതാക്കൾ ചെയ്യേണ്ടതെന്നും പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ. സഫിയ എം.എസ് വ്യക്തമാക്കുന്നു.

പരിശോധനയും സുരക്ഷയും ശക്തമാക്കി അധികൃതർ

198 ഏക്കറിലധികം പരന്നുകിടക്കുന്ന കബ്ബൺ പാർക്കിൽ നിലവിൽ 26 സെക്യൂരിറ്റി ജീവനക്കാരും പ്രധാന പോയിന്റുകളിൽ 16 സി.സി.ടി.വി ക്യാമറകളുമാണുള്ളത്. പ്രകൃതിദത്തമായ അന്തരീക്ഷം നിലനിർത്തേണ്ടതിനാൽ പാർക്കിലെല്ലായിടത്തും ക്യാമറകൾ സ്ഥാപിക്കുക എളുപ്പമല്ലെന്ന് തോട്ടക്കല വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കുസുമാ ജി പറഞ്ഞു. എങ്കിലും മുൻ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഉൾപ്രദേശങ്ങളിലും വിജനമായ സ്ഥലങ്ങളിലും സെക്യൂരിറ്റി പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ താക്കീത് നൽകൽ, പിഴ ഈടാക്കൽ, പോലീസിന് കൈമാറൽ തുടങ്ങി ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അവർ അറിയിച്ചു.

സ്കൂളുകളിലും പ്രതിരോധ ബോധവൽക്കരണം

പൊതുസ്ഥലങ്ങളിലെ സുരക്ഷ മുൻനിർത്തി സ്കൂളുകൾ കേന്ദ്രീകരിച്ചും ബോധവൽക്കരണങ്ങൾ സജീവമാണ്. ‘ഗുഡ് ടച്ച്, ബാഡ് ടച്ച്’, വ്യക്തിഗത അതിരുകൾ, അപരിചിതരോട് പെരുമാറേണ്ട രീതി, പ്രതികരിക്കേണ്ടവിധം എന്നിവയെക്കുറിച്ച് കുട്ടികളെ ചെറുപ്പത്തിലെ പഠിപ്പിക്കുന്നുണ്ടെന്ന് ജെയിൻ ഹെറിറ്റേജ് സ്കൂൾ ഡയറക്ടർ അർച്ചന വിശ്വനാഥ് വ്യക്തമാക്കി. കുട്ടികൾക്കെതിരെയുള്ള ഇത്തരത്തിലുള്ള അതിക്രമങ്ങൾക്ക് പോക്സോ ഉൾപ്പെടെയുള്ള കർശന വകുപ്പുകൾ ചുമത്താമെന്ന് അഭിഭാഷകനായ എൽ.ടി ഗോപാൽ വ്യക്തമാക്കുമ്പോഴും, പൊതുസ്ഥലങ്ങളിൽ കൂടുതൽ സെക്യൂരിറ്റിയെ നിയോഗിക്കുകയും ഹെൽപ്പ് ലൈൻ നമ്പറുകൾ വ്യക്തമായി പ്രദർശിപ്പിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന ആവശ്യത്തിലാണ് മാതാപിതാക്കൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts