ബെംഗളൂരു: യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും തുടർന്ന് അനധികൃതമായി ഗർഭച്ഛിദ്രം നടത്തുകയും ചെയ്ത സംഭവത്തിൽ ഡോക്ടറും നഴ്സുമടക്കം ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ബെറ്റഗേരി സ്വദേശികളായ സിക്കന്ദർ ബെപ്പാരി, ഷബീർ അഹമ്മദ് ലംഗോട്ടി, പ്രദീപ് നവലേക്കർ, ഭരത് കോരവർ, സന്ദീപ് നവലേക്കർ, ബെല്ലാട്ടിയിലെ ആർ.എം.പി ഡോക്ടർ നാഗരാജ് കമതാർ, ഷിഗ്ലിയിലെ സ്റ്റാഫ് നഴ്സ് രേഖ ശിരഹട്ടി എന്നിവരാണ് പിടിയിലായത്.
കേസിലെ പ്രതികളായ സിക്കന്ദറും ഭരതും വെവ്വേറെ സന്ദർഭങ്ങളിൽ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് യുവതി ഗർഭിണിയായതോടെ മറ്റ് പ്രതികളുടെ സഹായത്തോടെ നിയമവിരുദ്ധമായി ഗർഭച്ഛിദ്രം നടത്തുകയായിരുന്നുവെന്നാണ് പോലീസ് റിപ്പോർട്ട്.
അറസ്റ്റിലായ ഏഴുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ അനധികൃത ഗർഭച്ഛിദ്രത്തിന് സഹായം ചെയ്തുനൽകിയ മറ്റുള്ളവർക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
